ഇസ്രയേൽ - അറബ് രാഷ്ട്രീയത്തിന്റെ മുഖം മാറ്റിയ ഒക്ടോബർ
ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് 'ഓപ്പറേഷൻ അൽ അക്സ ഫ്ലഡ്' എന്ന പേരിൽ ഹമാസ് ഇസ്രയേലിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടതോടെയാണ് മേഖല വീണ്ടും സംഘർഷഭരിതമായിരിക്കുകയാണ്. ഇരുഭാഗത്തും ഇരുനൂറിലധികം കൊല്ലപ്പെട്ടത്തായി ഇതിനോടകം സ്ഥിരീകരിച്ചുകഴിഞ്ഞു.
ഇസ്രയേല്‍ - അറബ് രാഷ്ട്രീയ ചരിത്രത്തില്‍ എന്നും പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട മാസമാണ് ഒക്ടോബർ. ഇത്തവണയും ഒക്ടോബര്‍ മാസത്തിലാണ് മേഖല സംഘര്‍ഭരിതമാകുന്നത് എന്നതാണ് മറ്റൊരു വസ്തുത. അറബ് മേഖലയിലെ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയ മാസമായി ഒകോടബറിനെ കാലം അടയാളപ്പെട്ടുത്തുന്നു. അങ്ങനെയൊരു തിരിച്ചറിവിന്റെ അൻപതാം വാർഷികത്തിന്റെ അടുത്ത ദിവസമാണ് ഇസ്രയേലിനെ ഞെട്ടിച്ചുകൊണ്ട് പലസ്തീൻ വിമോചനം മുദ്രാവാക്യമാക്കിയ സായുധ സംഘടനയായ ഹമാസ് വീണ്ടുമൊരു അക്രമത്തിന് മുതിര്‍ന്നത്.
ശനിയാഴ്ച രാവിലെ ഇസ്രയേലിനെ ലക്ഷ്യമാക്കി അയ്യായിരത്തിലധം റോക്കറ്റുകളാണ് ഹമാസ് തൊടുത്തുവിട്ടത്. ഒപ്പം ഇസ്രായേൽ അതിർത്തിയിലേക്ക് കടന്നുകയറി ഒരു പോലീസ് സ്റ്റേഷൻ ഉൾപ്പെടെ നിയന്ത്രണത്തിലാകുകയും ചെയ്തു. 'ഓപ്പറേഷൻ അൽഅഖ്‌സ ഫ്ലഡ്' എന്ന് പേരിട്ടിരിക്കുന്ന ഹമാസിന്റെ അക്രമണത്തിനെതിരെ ഇസ്രയേൽ 'ഓപ്പറേഷൻ അയൺ സ്വോഡ്സും' പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ കുറച്ച് മാസങ്ങൾക്ക് ശേഷം വീണ്ടുമൊരു യുദ്ധസാഹചര്യം മേഖലയിൽ ഉടലെടുത്തിരിക്കുകയാണ്.
യോം കിപ്പുർ യുദ്ധം
1967ലെ യുദ്ധത്തിൽ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾക്കുണ്ടായ അപ്രതീക്ഷിത തോൽവിയിൽ നിന്നായിരുന്നു യോം കിപ്പുർ യുദ്ധത്തിനുള്ള വഴിയൊരുങ്ങിയത്. 'സിക്സ് ഡേയ്സ് വാർ' എന്നറിയപ്പെടുന്ന 1967 ജൂണിൽ നടന്ന യുദ്ധത്തിൽ ഈജിപ്തിന്റെ കൈവശമുണ്ടായിരുന്ന സിനായ് പെനിൻസുലയും സിറിയയുടെ ഗോലാൻ കുന്നുകളും ജോർദാന്റെ കൈവശമുണ്ടായിരുന്ന കിഴക്കൻ ജെറുസലേം, വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ളവ ഇസ്രയേൽ പിടിച്ചെടുത്തു. ആറ് ദിവസങ്ങൾ കൊണ്ട് മൂന്ന് അറബ് രാജ്യങ്ങളുടെ സൈന്യത്തെയും തങ്ങളേക്കാൾ മൂന്നര ഇരട്ടി വലിപ്പമുള്ള പ്രദേശം ഇസ്രായേൽ കീഴടക്കി. ഇവ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് 1973 ഒക്ടോബർ ആറിലെ 'യോം കിപ്പുർ' യുദ്ധത്തിലേക്ക് ഈജിപ്തിനെയും സിറിയയെയും നയിച്ചത്.
ശീതയുദ്ധം നടന്നുകൊണ്ടിരുന്ന കാലമായതുകൊണ്ട് തന്നെ അമേരിക്ക ഇസ്രയേലിനൊപ്പവും യുഎസ്എസ്ആർ അറബ് രാജ്യങ്ങൾക്കൊപ്പവും നിലയുറപ്പിച്ചു. അങ്ങനെ ഒരു ശനിയാഴ്ച ദിവസം സൂയസ് കനൽ കടന്ന് ഈജിപ്തും വടക്കുനിന്ന് സിറിയൻ സൈനികരും ഇസ്രയേലിലേക്ക് കടന്നു. ഹെർമോൺ പർവതത്തിന് മുകളിലുണ്ടായിരുന്ന ഇസ്രയേൽ പോസ്റ്റുകൾ സിറിയ പിടിച്ചെടുത്തു. അപ്രതീക്ഷിത നീക്കത്തിൽ ഇസ്രയേൽ ആദ്യം പകച്ചെങ്കിലും പിന്നീട് അവർ തിരിച്ചടിച്ചു. ഒടുവിൽ പിടിച്ചെടുത്ത മേഖലകളിൽനിന്ന് സിറിയ പിന്‍വാങ്ങി. യുദ്ധം പത്ത് ദിവസം പിന്നിട്ടപ്പോഴേക്കും ഈജിപ്ത് തലസ്ഥാനമായ കെയ്റോയ്ക്ക് അടുത്ത് വരെ ഏത്താന്‍ പോലും ഇസ്രയേലിനായി. തിരിച്ചടി നേരിട്ടതോടെ എണ്ണ ഉത്പാദനം കുറയ്ക്കുക എന്ന തീരുമാനം ഒപെക് രാജ്യങ്ങൾ കൈക്കൊള്ളുകയും ലോകത്താകമാനം എണ്ണ വില കുതിച്ചുയരുകയും ചെയ്തു. കൂടാതെ അമേരിക്കയ്ക്ക് നൽകിയിരുന്ന എണ്ണയും താത്കാലികമായി നിർത്തിവച്ചു. അങ്ങനെ ഒടുവിൽ അമേരിക്ക നയതന്ത്ര പാത സ്വീകരിച്ചു.
ഒക്ടോബർ അവസാന ആഴ്ചയോടെ ഇരുകൂട്ടരും വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന തീരുമാനത്തിലെത്തി. ഒക്ടോബർ 22ന്, യുഎൻ സുരക്ഷാ കൗൺസിൽ 338-ാം പ്രമേയം പാസാക്കി വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും 1967ൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് ഒഴിയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു. നയതന്ത്ര ഇടപാടിലൂടെ പ്രശ്നം പരിഹരിക്കാൻ അമേരിക്കയും തീവ്ര പരിശ്രമം നടത്തി. അതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിങ്ങർ ഈജിപ്തിലും ഇസ്രയേലിലും സിറിയയിലുമായി മാറി മാറി സഞ്ചരിച്ചു. ഒക്ടോബർ 25ന് യുദ്ധം അവസാനിച്ചു.
അറബ്-ഇസ്രയേൽ സമാധാന ഉടമ്പടി
യുദ്ധാനന്തരം, അറബ്-ഇസ്രയേൽ സമാധാന ഉടമ്പടികൾ കൊണ്ടുവരാൻ അൻവർ സാദത്ത് ശ്രമിച്ചു. അതിന്റെ ഭാഗമായി 1977-ൽ, സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഇസ്രായേൽ പാർലമെന്റിൽ എത്തി. തുടർന്നാണ് 1979-ൽ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറുടെ നേതൃത്വത്തിലുള്ള ചർച്ചയ്ക്ക് ശേഷം ക്യാമ്പ് ഡേവിഡ് കരാറിൽ ഈജിപ്ത് ഒപ്പുവയ്ക്കുന്നത്. 1967ൽ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകണമെന്നായിരുന്നു കരാറിലെ പ്രധാന ചട്ടമെങ്കിലും അതൊരിക്കലും നടപ്പായില്ല. ഇസ്രയേലിനെ അംഗീകരിച്ച ഈ നടപടി ഈജിപ്തിനെ അറബ് ലീഗിൽനിന്ന് പുറത്താക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. പലസ്തീൻ ജനതയെ ഈജിപ്ത് വഞ്ചിച്ചുവെന്ന് ആരോപണങ്ങളുണ്ടായി.
എന്നാൽ ഈ കരാറാണ് 2020ലെ അബ്രഹാം ഉടമ്പടി വരെയുള്ള ഉടമ്പടികൾക്ക് വഴി ഒരുക്കിയത്. 1994ൽ ജോർദാനും ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവച്ചു. സൈനിക മേധാവിത്വം കൊണ്ട് മാത്രം കാര്യമില്ലെന്നും സുരക്ഷയ്ക്ക് അയൽരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്നും ഇസ്രയേലിനെ മാറ്റി ചിന്തിപ്പിച്ചതും യോം കിപ്പുർ യുദ്ധമായിരുന്നു