കോടതിക്ക് പുറത്ത് കാത്ത് നില്‍പ്; തോഷ്ഖാന കേസില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി

കോടതിക്ക് പുറത്ത് കാത്ത് നില്‍പ്; തോഷ്ഖാന കേസില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി

വീട്ടിലും കോടതിയിലും പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി
Updated on
2 min read

തോഷ്ഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി. ഇമ്രാന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ഇസ്ലാമാബാദ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്. കോടതിക്ക് പുറത്ത് പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് കേസ് വാദം കേള്‍ക്കാനായി മാര്‍ച്ച് 30 ലേക്ക് മാറ്റി. അതേസമയം ഇമ്രാന്‍ ഖാന്റെ വീട്ടിലും പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇമ്രാന്റെ വാഹനം കോടതി സമുച്ചയത്തിലേക്ക് കടക്കുമ്പോള്‍ മുതല്‍ പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു

ഇസ്ലാമാബാദ് കോടതിക്ക് പുറത്തും സംഘര്‍ഷം ശക്തമായതോടെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സഫര്‍ ഇഖ്ബാല്‍ പുറത്ത് നിന്ന് ഹാജര്‍ രേഖപ്പെടുത്താന്‍ ഇമ്രാന്‍ ഖാന് അനുമതി നല്‍കിയത്. പിന്നാലെ വീട്ടിലേക്ക് മടങ്ങാനും കോടതി നിര്‍ദേശിച്ചു. ഇമ്രാന്റെ വാഹനം കോടതി സമുച്ചയത്തിലേക്ക് കടക്കുമ്പോള്‍ മുതല്‍ പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. കണ്ണീര്‍ വാതക ഷെല്ലുകളും കല്ലുകളും ഉപയോഗിച്ചായിരുന്നു സംഘര്‍ഷം നടന്നത്. 'കോടതിക്ക് പുറത്ത് ഞാന്‍ പതിനഞ്ച് മിനിറ്റോളം കാത്തിരുന്നു. അകത്തേക്ക് കടക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും കണ്ണീര്‍ വാതക ഷെല്ലാക്രമണം നടന്നതിനാല്‍ എനിക്ക് അതിന് കഴിഞ്ഞില്ല. ഞാന്‍ കോടതിയില്‍ എത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല' ഇമ്രാന്‍ ഖാന്‍ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കി.

അതേസമയം ഇമ്രാന്‍ കോടതിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ലാഹോറിലെ വീട്ടില്‍ പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വസതിക്ക് മുന്നിലെ ബാരിക്കേഡ് തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അറുപതോളം പേര്‍ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പിടിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും പുറത്തു വന്നു.

പോലീസ് സംഘം വീട്ടില്‍ കയറുന്ന സമയത്ത് ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീഗം വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോലീസ് സംഘം വീട്ടില്‍ കയറിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. 'ബുഷ്‌റ ബീഗം മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പഞ്ചാബ് പോലീസ് സമന്‍ പാര്‍ക്കിലെ വീട്ടിലേക്ക് ഇരച്ചു കയറി അതിക്രമം കാട്ടി. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ ഇത് ചെയ്തത്? ഒരു നിയമനം അംഗീകരിച്ചതിന്റെ പ്രത്യുപകാരമായി ഒളിവിലുള്ള നവാസ് ഷെരീഫിനെ തിരികെയെത്തിട്ട് അധികാരത്തിലേറ്റാനുള്ള 'ലണ്ടന്‍ പ്ലാനിന്റെ ഭാഗമാണിത്'.- ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

കോടതിക്ക് പുറത്ത് കാത്ത് നില്‍പ്; തോഷ്ഖാന കേസില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി
തോഷ്ഖാന കേസ്; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്; പാകിസ്താനിൽ സംഘർഷം

തോഷ്ഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നേരത്തെയും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് ഇസ്ലാമാബാദ് സെഷന്‍സ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ അമിത വിലയ്ക്ക് വിറ്റ് നികുതി വെട്ടിപ്പ് നടത്തിയതാണ് തോഷഖാന കേസ്.

logo
The Fourth
www.thefourthnews.in