ഇമ്രാന്‍ ഖാന്റെ അറസ്റ്റ്; പാകിസ്താനില്‍ വ്യാപക പ്രതിഷേധം
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാകിസ്താനില്‍ വന്‍ പ്രതിഷേധം. അഞ്ച് സെെനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 43 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും ഇസ്ലാമാബാദ് പോലീസ് അറിയിച്ചു. സൈനിക ആസ്ഥാനങ്ങളിലേക്ക് കടന്നുകയറിയും പോലീസ് വാഹനങ്ങള്‍ കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് പാകിസ്താനില്‍ പോലീസ് നിരോധാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ മുന്നിൽ വച്ചാണ് ഇമ്രാന്‍ ഖാനെ അര്‍ധ സെെനിക സേനയായ പാക് റെയിഞ്ചേഴ്സ് അറസ്റ്റ് ചെയ്യുന്നത്.
കറാച്ചിയിലെ നഴ്‌സറിക്ക് സമീപം പോലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ പാക് എയര്‍ഫേഴ്സ് മെമ്മോറിയല്‍ തകര്‍ക്കുകയും സെെനിക ഉദ്യോഗസ്ഥരുടെ വീട് ആക്രമിക്കുകയും ചെയ്തതതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമാബാദ്, കറാച്ചി,ഗുജ്രന്‍വാല, ഫൈസലാബാദ് എന്നിങ്ങനെ പ്രധാന നഗരങ്ങളിലെ റോഡുകളിലെല്ലാം പിടിഐ പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
5000 കോടി രൂപ നിയമവിധേയമാക്കിയതിന് ഇമ്രാൻ ഖാനും ഭാര്യയും ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിച്ചുവെന്ന കേസിലാണ് അറസ്റ്റെന്ന് ഇസ്ലാമബാദ് പോലീസ് വിശദീകരിക്കുന്നു.