ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

'സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണം ന്യായീകരിക്കാനാകില്ല'; അപലപിച്ച് ഇമ്രാന്‍ ഖാന്‍

ആക്രമണം ഭയാനകവും ദുഃഖകരവുമാണെന്നും ഇമ്രാന്‍ ഖാന്‍
Updated on
1 min read

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ മുന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റുഷ്ദിയുടെ 'ദ സാത്താനിക് വെഴ്‌സസ്' എന്ന പുസ്‌കത്തോടുള്ള ഇസ്ലാമിക സമൂഹത്തിന്റെ രോഷം മനസ്സിലാക്കാം, എന്നാല്‍ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്ന് ദ ഗാർഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആക്രമണം ഭയാനകവും ദുഃഖകരവുമാണെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

10 വര്‍ഷം മുമ്പ് സല്‍മാന്‍ റുഷ്ദി പങ്കെടുക്കുന്ന ഇന്ത്യയിലെ ഒരു പൊതുപരിപാടിയില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പിന്മാറിയിരുന്നു. റുഷ്ദിയുമായി വേദി പങ്കിടാനില്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. എന്നാല്‍, ലോകരാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കാത്ത ഘട്ടത്തിലാണ് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരിക്കുന്നത്.

'നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന പ്രവാചകനോടുള്ള സ്‌നേഹവും ആദരവും റുഷ്ദിക്ക് അറിയാം, കാരണം അദ്ദേഹം വരുന്നത് ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ്. പ്രതിഷേധിക്കുന്നവരുടെ ദേഷ്യത്തിന് കാരണമറിയാം. പക്ഷേ സംഭവിച്ച കാര്യങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല'.- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം, താലിബാന്റെ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍, ഒരു വർഷം മുമ്പ്, താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ ' അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ന്നു' എന്നായിരുന്നു ഇമ്രാന്റെ പ്രതികരണം. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള താലിബാന്റെ പെരുമാറ്റത്തെയും അദ്ദേഹം ന്യായീകരിച്ചിരുന്നു. സാംസ്കാരിക മാനദണ്ഡം എന്നായിരുന്നു അതിനെ അന്ന് വിശേഷിപ്പിച്ചത്. എല്ലാ സമൂഹത്തിന്റെയും മനുഷ്യാവകാശങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ചുള്ള ആശയം വ്യത്യസ്തമാണെന്നായിരുന്നു താലിബാനെ ന്യായീകരിച്ച് ഇമ്രാന്റെ പ്രതികരണം.

സല്‍മാന്‍ റുഷ്ദി
സല്‍മാന്‍ റുഷ്ദി

മാറ്റം അഫ്ഗാനില്‍ നിന്ന് തുടങ്ങണമെന്ന് ഇമ്രാന്‍ അഭിപ്രായപ്പെട്ടു. അഫ്ഗാന്‍ തൊഴില്‍ മേഖലയില്‍ നിന്ന് സ്ത്രീകള്‍ പുറത്താക്കപ്പെടുകയും 14 വയസിനു മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികരണം. 'അവസാനം അഫ്ഗാന്‍‍ ജനത അവരുടെ അവകാശങ്ങള്‍ ഉറപ്പിക്കും. അവര്‍ ശക്തരായ ആളുകളാണ്' ഇമ്രാന്‍ കൂട്ടിച്ചേർത്തു.

ഏപ്രിലിലാണ് പാകിസ്താന്റെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായത്. തന്റെ ഉദ്യോഗസ്ഥരും അനുയായികളും അതിനുശേഷം നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏപ്രിലില്‍ അവിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടത് മുതല്‍ തന്റെ പാർട്ടി തെഹ്‍രീക് ഇ ഇന്‍സാഫിനെ ഇല്ലാതാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും കൂടെ നില്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in