'അറസ്റ്റ് ഉടനില്ല'; ഇമ്രാൻ ഖാന് താത്ക്കാലിക ആശ്വാസം; നാളെ രാവിലെ 10മണി വരെ അറസ്റ്റ് പാടില്ലെന്ന് ലാഹോർ ഹൈക്കോടതി

'അറസ്റ്റ് ഉടനില്ല'; ഇമ്രാൻ ഖാന് താത്ക്കാലിക ആശ്വാസം; നാളെ രാവിലെ 10മണി വരെ അറസ്റ്റ് പാടില്ലെന്ന് ലാഹോർ ഹൈക്കോടതി

ലാഹോർ ഹൈക്കോടതിയിൽ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് നടപടി
Updated on
1 min read

പോലീസും പിടിഐ അനുയായികളും തമ്മിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പോലീസ് താത്ക്കാലികമായി പിന്മാറി. അറസ്റ്റ് നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. വ്യാഴം രാവിലെ 10മണി വരെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്നാണ് ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ്. ലാഹോർ ഹൈക്കോടതിയിൽ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.

തോഷ്ഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഇമ്രാൻ ഖാനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെ വസതിയിൽ പോലീസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടർന്ന് ഇമ്രാൻ ഖാന്റെ വസതിയായ സമാൻ പാർക്കിങ് മുൻപിൽ വൻതോതിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെടുകയും പാർട്ടി പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും പോലീസിനും പരുക്ക് പറ്റിയിരുന്നു.

സമാൻ പാർക്കിന് പുറത്ത് നടക്കുന്ന 'അതിക്രമങ്ങൾ' അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ നേതാവ് ഫവാദ് ചൗദരി നൽകിയ ഹർജിയിലാണ് ലാഹോർ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ഹർജി പരിഗണിക്കുന്ന വേളയിൽ പഞ്ചാബ്, ഇസ്ലാമാബാദ് പ്രവിശ്യകളുടെ ഇൻസ്‌പെക്ടർ ജനറലുമാരെയും കോടതി വിളിപ്പിച്ചിരുന്നു. സമാൻ പാർക്കിൽ നടക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 'ഇമ്രാൻ ഖാന്റെ വസതി ഒരു യുദ്ധ ഭൂമിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 21 മണിക്കൂറുകളായി പോലീസ് അവിടെ തമ്പടിച്ചിരിക്കുകയാണ്" അഭിഭാഷകൻ പറഞ്ഞു. അതേസമയം, അറസ്റ്റ് വാറന്റ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ പ്രവർത്തകർ നൽകിയ ഹർജി, ഇസ്ലാമബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ അപേക്ഷ സ്വീകരിക്കരുതെന്നും പഞ്ചാബിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇസ്ലാമബാദ് പോലീസ് ആരംഭിച്ചത്. തോഷ്ഖാന കേസിൽ നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു ഇമ്രാൻ ഖാനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ അറസ്റ്റ് ചെയ്യാനെത്തിയ വിവരമറിഞ്ഞ പ്രവർത്തകർ സമാൻ പാർക്കിൽ തടിച്ചുകൂടുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു. ഇതിനെ നേരിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ രംഗം വഷളാകുകയായിരുന്നു. തുടർന്ന് തെരുവിലിറങ്ങാൻ ഇമ്രാൻ ഖാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തതോടെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമായി. രാജ്യത്തിന്റെ പല പ്രധാന തെരുവുകളിലും പ്രതിഷേധവുമായി പിടിഐ പ്രവർത്തകർ സംഘടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.

പ്രധാനമന്ത്രി പദത്തിലിരിക്കെ ലഭിച്ച ആഡംബര സമ്മാനങ്ങൾ നിയവിരുദ്ധമായി വിറ്റുവെന്ന കേസിലാണ് നിലവിൽ ഇമ്രാനെതിരെ അറസ്റ്റ് വാറന്റുള്ളത്. തിരഞ്ഞെടുപ്പുകൾ നേരത്തെ നടത്തണമെന്ന ആവശ്യം ഇല്ലാതാക്കാനുള്ള 'ലണ്ടൻ പദ്ധതിയാണ്' തന്റെ അറസ്റ്റിന് പിന്നിലെന്നാണ് ഇമ്രാൻ ഖാന്റെ വാദം. "ഇത് ലണ്ടൻ പദ്ധതിയുടെ ഭാഗമാണ്, ഇമ്രാനെ ജയിലിൽ അടയ്ക്കാനും പിടിഐയെ വീഴ്ത്താനും നവാസ് ഷെരീഫിനെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കാനും കരാർ ഒപ്പുവച്ചിരിക്കുകയാണ് ”- അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in