സൈഫർ കേസ്: ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കും
സൈഫർ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കും. സൈഫർ കേസിലെ ഇടപെടൽ ഇമ്രാൻ ഖാനെ രാജ്യദ്രോഹ വിചാരണയ്ക്കും അയോഗ്യനാക്കുന്നതിനും ഇടയാക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. പാകിസ്താന്റെ രഹസ്യവിവരങ്ങൾ രാഷ്ട്രീയവും വ്യക്തിപരവുമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് സൈഫർ കേസിൽ ഇമ്രാൻ ഖാനെതിരെയുള്ള ആരോപണം.
''പിടിഐ മേധാവിക്കെതിരെ ആർട്ടിക്കിൾ 6 പ്രകാരം കുറ്റം ചുമത്താം, അതിൽ വധശിക്ഷ മുതൽ ജീവപര്യന്തം വരെ ശിക്ഷയ്ക്ക് വ്യവസ്ഥയുണ്ട്'' - പ്രതിരോധ മന്ത്രി പറഞ്ഞു.
സൈഫർ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള കോഡ് ഭാഷയിൽ എഴുതപ്പെട്ട രഹസ്യവും നിയന്ത്രിതവുമായ നയതന്ത്ര ആശയവിനിമയമാണ് സൈഫർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി സൈഫറുകൾ വഴി അതീവ രഹസ്യമായ വിവരങ്ങൾ ഉപയോഗിച്ചുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള ആരോപണം. സ്വന്തം നേട്ടത്തിനായി വാഷിങ്ടണിലെ പാകിസ്താൻ എംബസിയിലേക്ക് രഹസ്യ വിവരങ്ങൾ അയച്ചുവെന്നാണ് ഇമ്രാൻ നേരിടുന്ന ആരോപണം.
എന്നാൽ തനിക്കെരികായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ അയോഗ്യനാക്കാനുള്ള ശ്രമമാണ് സൈഫർ കേസ് വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നിലെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. കഴിഞ്ഞ മാസം മുതൽ കാണാതായ ഇമ്രാൻ ഖാന്റെ സഹായി അസം ഖാൻ പെട്ടെന്ന് കോടതിയിൽ ഹാജരാകുകയും മജിസ്‌ട്രേറ്റിന് മുൻപാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് വിഷയം കൂടുതൽ ശക്തി പ്രാപിച്ചത്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാന്റെ കുറ്റസമ്മത പ്രസ്താവന പ്രസക്തവും സുപ്രധാനവുമാണെന്ന് ആസിഫ് ഖാൻ പറഞ്ഞു. ഇമ്രാൻ ഖാനെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് അസം ഖാന്റെ മൊഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സൈഫർ ഉപയോഗിച്ചതിന് ഇമ്രാൻ ഖാന് 14 വർഷം വരെ തടവ് ലഭിച്ചേക്കാം. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് ഇമ്രാൻ ഖാനെതിരെ സർക്കാർ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി റാണ സനാഉല്ല ബുധനാഴ്ച പറഞ്ഞിരുന്നു.