ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം; പ്രവർത്തകരോട് സംഘടിക്കാൻ ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാൻ;ലാഹോറില്‍ സംഘർഷം

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം; പ്രവർത്തകരോട് സംഘടിക്കാൻ ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാൻ;ലാഹോറില്‍ സംഘർഷം

തനിക്കെതിരായ നീക്കത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്ന് ഇമ്രാന്‍ ഖാന് അണികളോട് ആഹ്വാനം ചെയ്തു
Updated on
1 min read

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി പോലീസ് അദ്ദേഹത്തിന്റെ ലാഹോറിലുള്ള വസതിയിലെത്തി. അറസ്റ്റ് നീക്കം അറിഞ്ഞ് ഇമ്രാന്‍ ഖാന്റെ അനുയായികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പിടിഐ പ്രവ‍ർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പോലീസിന് നേരെ പിടിഐ പ്രവർത്തകർ കല്ലെറിഞ്ഞു. പിന്നാലെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പോലീസ് കണ്ടെയ്‌നറുകൾ സ്ഥാപിച്ച് തടഞ്ഞു. സംഘർഷത്തിൽ ഇസ്ലാമാബാദ് ഡിഐജി (ഓപ്പറേഷൻസ്) ബുഖാരിക്ക് പരിക്കേറ്റു. അതേസമയം തനിക്കെതിരായ നീക്കത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്ന് ഇമ്രാന്‍ ഖാന് അണികളോട് ആഹ്വാനം ചെയ്തു.

‘‘എന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ജയിലിൽ പോയാൽ ജനങ്ങൾ ഉറങ്ങുമെന്നാണ് അവർ കരുതുന്നത്. അത് തെറ്റാണെന്ന് നിങ്ങൾ തെളിയിക്കണം. നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങൾക്കായി നിങ്ങൾ പോരാടണം. നിങ്ങൾ തെരുവിലിറങ്ങണം’’- വീഡിയോ സന്ദേശത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. ‘‘ദൈവം ഇമ്രാൻ ഖാന് എല്ലാം തന്നു. ഞാൻ എന്റെ ജീവിതകാലം മുഴുവൻ പോരാടി. അത് ഇനിയും തുടരും. പക്ഷേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ജയിലിൽ അടയ്ക്കുകയോ കൊല്ലുകയോ ചെയ്താൽ, ഇമ്രാൻ ഖാനെ ഇല്ലാതെയും നിങ്ങൾക്ക് പോരാടാൻ കഴിയുമെന്ന് നിങ്ങൾ തെളിയിക്കണം. ഈ അടിമത്തവും ഭരണവും നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് തെളിയിക്കണം. പാക്കിസ്താൻ സിന്ദാബാദ്''-ഇമ്രാൻ ഖാൻ പറഞ്ഞു.

തോഷ്ഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നും ഖാത്തൂൺ ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസിലുമായി രണ്ട് ജാമ്യമില്ലാ വാറണ്ടുകൾ കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെതിരെ പുറപ്പെടുവിച്ചിരുന്നു. മാർച്ച് 29ന് ഇമ്രാനെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. എന്നാൽ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി ഇന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചതാണെന്നും ആ സാഹചര്യം നിലനില്‍ക്കെ ജാമ്യത്തിലായ ഒരാളെ എങ്ങനെ വീണ്ടും അറസ്റ്റ് ചെയ്യാനാകുമെന്നും പിടിഐ നേതാവ് ഷാ മഹ്‌മൂദ് ഖുറേഷി ചോദിച്ചു. ഒരു രക്തചൊരിച്ചില്‍ ഒഴിവാക്കാനാണ് പിടിഐ ആഗ്രഹിക്കുന്നതെന്ന് ഖുറേഷി വ്യക്തമാക്കി. അറസ്റ്റ് വാറണ്ട് രേഖമൂലം കാണിക്കാനും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാൻ കള്ളക്കേസുകളിൽ പോലീസിന് കീഴടങ്ങില്ലെന്ന് പിടിഐ നേതാവ് ഫാറൂഖ് ഹബീബും മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ നിയമം നടപ്പിലാക്കാനാണ് തങ്ങളുടെ ശ്രമമെന്നും ദയവ് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും, ആരും നിയമം കയ്യിലെടുക്കരുതെന്നും ഇസ്ലാമാബാദ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഷഹ്‌സാദ് ബുഖാരി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ പാകിസ്താന്‍ മുസ്ലിംലീഗ് പാര്‍ട്ടി നേതാവും, നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് രംഗത്തെത്തി. സംഘര്‍ഷത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് പരിക്കേറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇമ്രാന്‍ ഖാനായിരിക്കുമെന്ന് മറിയം നവാസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in