റോഡുകള്‍ ഉപരോധിച്ചും സ്‌കൂളുകള്‍ അടപ്പിച്ചും ഇമ്രാന്‍ അനുകൂലികള്‍; പാകിസ്താനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം
പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുണ്ടായ വധശ്രമത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. ഇമ്രാന്‍ അനുകൂലികളുടെ നേതൃത്വത്തിലാണ് രാജ്യത്തുടനീളം പ്രകടനങ്ങളും സമരങ്ങളും നടക്കുന്നത്. രാജ്യ തലസ്ഥാനത്തെ പ്രധാന റോഡുകളിലെയെല്ലാം ഗതാഗതം ചൊവ്വാഴ്ച സമരക്കാര്‍ തടസപ്പെടുത്തി. പല സ്‌കൂളുകളും നിര്‍ബന്ധിച്ച് അടപ്പിക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ പ്രതിഷേധ റാലികള്‍ നടത്തുകയും ചെയ്തു. നവംബര്‍ മൂന്നിനാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റത്.
ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ രാജിവെച്ച് പൊതു തിരഞ്ഞെടുപ്പിനെ നേരിടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് ഉന്നയിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഷെരീഫ് പുതിയ തിരഞ്ഞെടുപ്പ് എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ്. പ്രക്ഷോഭം കാരണം രാജ്യത്തെ വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ പോലുമാകാത്ത സാഹചര്യമാണ്. റോഡ് തടയുന്ന സമരക്കാര്‍ ആംബുലന്‍സുകളെ പോലും കടത്തി വിടുന്നില്ലെന്നാണ് പാക് പോലീസ് പറയുന്നത്.
ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഹൈവേയും ലാഹോറിലേക്കും പെഷവാറിലേക്കുമുള്ള റോഡുകളും സമരക്കാര്‍ ഉപരോധിച്ചു. പ്രക്ഷോഭകര്‍ റോഡുകളില്‍ ടയറുകള്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കലാപ സാധ്യത മുന്നില്‍ കണ്ട് സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇമ്രാന്‍ ഖാന് വെടിയേറ്റതിനെ തുടര്‍ന്ന് മുടങ്ങിയ ലോങ് മാര്‍ച്ച് വ്യാഴാഴ്ച ഖാന് നേരെ ആക്രമണമുണ്ടായ വസീറബാദില്‍ നിന്ന് വീണ്ടും ആരംഭിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. വലത് കാലിന് വെടിയേറ്റ ഇമ്രാന്‍ ആശുപത്രിയില്‍ തുടരുകയാണ്.