തെരുവിൽ നൃത്തം ചെയ്തു;  നവദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് വിധിച്ച് ഇറാൻ

തെരുവിൽ നൃത്തം ചെയ്തു; നവദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് വിധിച്ച് ഇറാൻ

ഇറാനില്‍ സ്ത്രീക്കും പുരുഷനും പരസ്യമായി ഒരുമിച്ച് നൃത്തം ചെയ്യാൻ അവകാശമില്ല
Updated on
1 min read

തെരുവില്‍ നൃത്തം ചെയ്തതിന് നവദമ്പതികള്‍ക്ക് 10 വര്‍ഷവും 6 മാസവും തടവ് ശിക്ഷ വിധിച്ച് ഇറാനിയന്‍ ഹൈക്കോടതി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ആസാദി ടവറിന് മുന്നില്‍ നൃത്തം ചെയ്യുന്ന ദമ്പതികളുടെ വീഡിയൊ സാമൂഹിക മാധ്യമത്തില്‍ വൈറലായതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അഴിമതിയും പൊതു വേശ്യാവൃത്തിയും പ്രാത്സാഹിപ്പിക്കുക, ദേശീയ സുരക്ഷയെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഒത്തുകൂടുക എന്നീ കുറ്റങ്ങളാണ് ദമ്പതികള്‍ക്ക് മേൽ ചുമത്തിയിരിക്കുന്നത്.

ആസ്തിയാസ് ഹഖിഖി (21)യും പ്രതിശ്രുത വരന്‍ അമീര്‍ മുഹമ്മദ് അഹമ്മദി (22)യും നവംബര്‍ ആദ്യമാണ് അറസ്റ്റിലാകുന്നത്. ഇറാന്‍ റിപബ്ലിക്കിൻ്റെ കര്‍ശനമായ നിയമം അനുസരിച്ച് എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ശിരോവസ്ത്രം ധരിച്ചിരിക്കണം. എന്നാല്‍ വീഡിയോയില്‍ ആസ്തിയാസ് ശിരോവസ്ത്രം ധരിച്ചിരുന്നില്ല. കൂടാതെ, ഇറാനില്‍ സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം പരസ്യമായി നൃത്തം ചെയ്യുന്നതിനുമുള്ള അവകാശമില്ല.

ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള ദമ്പതികള്‍ക്ക് ഇറാൻ കോടതി ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി.ഇറാൻ വിട്ട് പോകുന്നതിനും ഇവർക്കാകില്ല. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി (ഹ്റാന)യാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നിരസിക്കുകയും കോടതി നടപടികളില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കുകയും ചെയ്തതായി അവരുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സി അറിയിച്ചു. ടെഹ്‌റാന് പുറത്തുള്ള സ്ത്രീകള്‍ക്കായുള്ള കര്‍ചക് ജെയിലിലാണ് ആസ്തിയാസ് ഇപ്പോള്‍ ഉള്ളതെന്നും ഏജന്‍സി റി്‌പ്പോര്‍ട്ട് ചെയ്തു.

ശിരോവസ്ത്ര നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഇറാന്‍ മത പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന യുവതി കസ്റ്റഡിയില്‍ വെച്ച് കൊലചെയ്യപ്പെട്ടതിനെ തുടർന്ന് രാജ്യത്തെങ്ങും ഭരണകൂടത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച താരങ്ങളും പത്രപ്രവര്‍ത്തകരും അഭിഭാഷകരും അടക്കം 15,000ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. 26 ദിവസത്തിനുള്ളിൽ ഇറാനിൽ 55 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സിൻ്റ ഞെട്ടിക്കുന്ന കണക്കും രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in