പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍; ജോ ബൈഡനുമായി നിർണായക ചർച്ച
ലോകസമാധാനത്തിന് വേണ്ടി ഒരുമിച്ച് പ്രയത്നിക്കാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിലെത്തിയ ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഊഷ്മളമായ സ്വീകരണത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് മോദി നന്ദി അറിയിക്കുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വിവിധ വിഷയങ്ങളിൽ നടത്താനിരിക്കുന്ന ചർച്ചകൾക്ക് ഫലമുണ്ടാകുമെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ സൗഹൃദത്തിനും നന്ദി പറഞ്ഞു. ആഗോള നന്മയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണ് ഇന്ത്യയും അമേരിക്കയും. വൈറ്റ് ഹൗസിൽ ലഭിച്ച വരവേൽപ്പ് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ലഭിച്ച ആദരമാണ്. ഇന്ത്യക്കാർ അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും അമേരിക്കയിൽ രാജ്യത്തിന്റെ മഹത്വം ഉയർത്തുകയാണ്. ഈ ബന്ധത്തിന്റെ യഥാർത്ഥ ശക്തി ബൈഡനാണെന്നും മോദി പറഞ്ഞു.
"ജനാധിപത്യ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള സമൂഹമാണ് അമേരിക്കയിലെയും ഇന്ത്യയിലെയും. ഇരുരാജ്യങ്ങളും അവരുടെ വൈവിധ്യങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ്. രണ്ടു രാജ്യങ്ങളുടെയും ഭരണഘടന ആരംഭിക്കുന്നത് 'നമ്മൾ ജനങ്ങൾ' എന്നീ വാക്കുകളിലാണ്. 'എല്ലാവരുടെയും താത്പര്യങ്ങൾക്കായി, എല്ലാവരുടെയും ക്ഷേമത്തിനായി' എന്ന അടിസ്ഥാന തത്വത്തിലാണ് വിശ്വസിക്കുന്നത്," ആദ്യ വൈറ്റ്ഹൗസ് സന്ദർശനത്തിനിടെ മോദി പറഞ്ഞു.
മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്ക സന്ദർശിച്ചപ്പോഴത്തെ ഓർമകളും മോദി പങ്കുവച്ചു. താനൊരു സാധാരണക്കാരനായി അന്ന് അമേരിക്കയിലെത്തിയപ്പോൾ പുറത്തുനിന്ന് വൈറ്റ് ഹൗസ് കണ്ടിരുന്നു, പ്രധാനമന്ത്രിയായ ശേഷവും പല തവണ താൻ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് വൈറ്റ് ഹൗസിന്റെ വാതിൽ ഒരു വലിയ ഇന്ത്യൻ- അമേരിക്കൻ സമൂഹത്തിന് മുൻപിൽ തുറക്കുന്നതെന്നും മോദി പറഞ്ഞു.
24 മണിക്കൂറിനിടെ മോദിയും ബൈഡനും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രതിരോധം, ബഹിരാകാശം, ഊർജം, നിർണായക സാങ്കേതിക വിദ്യകൾ തുടങ്ങി പല മേഖലകളിലും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇരുവരും ചർച്ച നടത്തുന്നത്. പ്രതിനിധി തല ചർച്ചകൾക്ക് മുൻപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ബൈഡനെ മോദി നേരിട്ട് കണ്ടിരുന്നു.