ശ്രീലങ്കയില്‍ കപ്പല്‍ നങ്കൂരമിട്ടതിനെ ചൊല്ലി ഇന്ത്യ - ചൈന തര്‍ക്കം രൂക്ഷം
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ചാരക്കപ്പല്‍ യുവാൻ വാങ് -5 നങ്കൂരമിട്ടതിനെ ചൊല്ലി ഇന്ത്യ - ചൈന ആരോപണ പ്രത്യാരോപണങ്ങളും തര്‍ക്കവും രൂക്ഷമാകുന്നു. ശ്രീലങ്കയുടെ പരമാധികാരത്തില്‍ ഇന്ത്യ കടന്നുകയറുന്നുവെന്ന് ചൈനീസ് നയതന്ത്ര പ്രതിനിധി ആരോപിച്ചു. ചൈന അടിസ്ഥാന നയതന്ത്ര മര്യാദകള്‍ മറന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
ശ്രീലങ്കയുടെ പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവയ്ക്ക് മേലുള്ള കടന്നുകയറ്റം വച്ചു പൊറുപ്പിക്കില്ലെന്ന് ചൈന
ശ്രീലങ്കയുടെ പരമാധികാരത്തില്‍ 'വടക്കന്‍ അയല്‍രാജ്യ'ത്തിന്റെ അധിനിവേശം തുടരുകയാണെന്നാണ് ചൈനീസ് നയതന്ത്ര പ്രതിനിധി ഷി ഷെന്‍ഹോങ്ങിന്റെ ലേഖനത്തിലെ പരാമര്‍ശം. 'വൺ ചൈന പ്രിൻസിപ്പിള്‍സ് ടു യുവാൻ വാങ് -5' എന്ന തലക്കെട്ടോടെ ചൈനീസ് എംബസിയുടെ വെബ്സൈറ്റിലും ശ്രീലങ്കന്‍ ഗാര്‍ഡിയന്‍ വെബ്സൈറ്റിലുമാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
'' 17 തവണ വടക്കൻ അയൽരാജ്യത്തിൽ നിന്നുള്ള ആക്രമണവും 450 വർഷത്തോളം പാശ്ചാത്യരുടെ കോളനിവത്ക്കരണവും മൂന്ന് പതിറ്റാണ്ടോളം നീണ്ട തീവ്രവാദ നീക്കങ്ങളേയും അതിജീവിച്ച് ധീരതയോടെയും അഭിമാനത്തോടെയും ദ്വീപ് രാഷ്ട്രം നിലനിൽക്കുന്നു'' എന്നാണ് ലേഖനത്തിലെ പരാമര്‍ശം.
ശ്രീലങ്കയുടെ പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവയ്ക്ക് മേലുള്ള കടന്നുകയറ്റം വച്ചു പൊറുപ്പിക്കില്ല. ചൈനീസ് കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുവദിച്ചത് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പരമാധികാരമാണെന്നും ഷി ഷെന്‍ഹോങ് വിശദീകരിച്ചു.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയും ചൈനയും തമ്മിൽ സമാനതകളുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
ഇതോടെ ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. ചൈനീസ് സ്ഥാനപതിയുടേത് അടിസ്ഥാന നയതതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു. 'വടക്കന്‍ അയല്‍ക്കാരന്റെ' അധിനിവേശമെന്ന പ്രയോഗം പ്രതിഫലിപ്പിക്കുന്നത് ചൈനീസ് മനോഭാവമാണ്. സ്വന്തം രാജ്യം എങ്ങനെ പെരുമാറുന്നുവെന്നതിന്റെ പ്രതിഫലനമാണ് ചൈനീസ് നയതന്ത്ര പ്രതിനിധിയുടെ വിശേഷണമെന്നും ഇന്ത്യ തിരിച്ചടിച്ചു.
കടക്കെണിയിൽ നിന്ന് കരകയറാൻ ദ്വീപ് രാഷ്ട്രത്തിന് പിന്തുണയാണ് ആവശ്യം, അനാവശ്യ വിവാദങ്ങളല്ലെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു.
ഇന്ത്യയുടെ എതിർപ്പ് മാനിക്കാതെ, ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് -5 ന് ഓഗസ്റ്റ് 16 മുതൽ 22 വരെ ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്ക അനുമതി നല്‍കിയത്. ഓഗസ്റ്റ് 11 മുതൽ 17 വരെ നങ്കൂരമിടാനുള്ള അനുമതിയാണ് ചൈന ആവശ്യപ്പെട്ടതെങ്കിലും ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് വൈകുകയായിരുന്നു.
ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപണങ്ങൾ എന്നിവ നിരീക്ഷിക്കാനാണ് യുവാൻ വാങ് കപ്പലുകൾ ഉപയോഗിക്കുന്നത്. പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളില്‍ പ്രവർത്തിക്കാൻ ശേഷിയുള്ള ഇത്തരം ഏഴ് ട്രാക്കിംഗ് കപ്പലുകൾ ചൈനയ്ക്കുണ്ട്.