യുഎൻ സെക്രട്ടറി ജനറലിനെ വിലക്കിയ ഇസ്രയേൽ നടപടി; അപലപന കത്തിൽ ഒപ്പുവെയ്ക്കാതെ ഇന്ത്യ

യുഎൻ സെക്രട്ടറി ജനറലിനെ വിലക്കിയ ഇസ്രയേൽ നടപടി; അപലപന കത്തിൽ ഒപ്പുവെയ്ക്കാതെ ഇന്ത്യ

ഗ്ലോബൽ സൗത്ത് എന്ന കൂട്ടായ്മയുടെ നേതൃപദവി ആഗ്രഹിക്കുന്ന ഇന്ത്യ, പലതവണയായി ഇസ്രയേൽ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടാണ് കൈക്കൊള്ളുന്നത്
Updated on
1 min read

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പിടാതെ ഇന്ത്യ. ഗ്ലോബൽ സൗത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഉൾപ്പെട്ട കത്തിൽനിന്നാണ് ഇന്ത്യ വിട്ടുനിന്നത്. ഒക്ടോബർ രണ്ടിനായിരുന്നു ഗുട്ടറസിനെ ഇസ്രയേലിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. ഒക്ടോബർ ഏഴിന് പിന്നാലെ നാലാം തവണയാണ് ഇസ്രയേലിനെതിരായ പ്രമേയങ്ങളിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത്.

104 രാജ്യങ്ങളും ആഫ്രിക്കൻ യൂണിയനും ചിലി പ്രചരിപ്പിച്ച കത്തിൽ ഒപ്പിട്ടിരുന്നു. ബ്രസീൽ, കൊളംബിയ, ദക്ഷിണാഫ്രിക്ക, യുഗാണ്ട, ഇന്തോനേഷ്യ, സ്പെയിൻ, ഗയാന, മെക്സിക്കോ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. ഒക്ടോബർ ഒന്നിലെ ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ വേണ്ടവിധം യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുട്ടറസിനെ വിലക്കിയത്. 'ഗുട്ടറസിന് ഇസ്രയേലി മണ്ണിൽ കാലുകുത്താനുള്ള അർഹതയില്ല' എന്നായിരുന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഒക്ടോബർ രണ്ടിന് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

യുഎൻ സെക്രട്ടറി ജനറലിനെ വിലക്കിയ ഇസ്രയേൽ നടപടി; അപലപന കത്തിൽ ഒപ്പുവെയ്ക്കാതെ ഇന്ത്യ
'പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം'; യുഎന്നിലെ പ്രമേയ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ

ഗ്ലോബൽ സൗത്ത് എന്ന കൂട്ടായ്മയുടെ നേതൃപദവി ആഗ്രഹിക്കുന്ന ഇന്ത്യ, പലതവണയായി ഇസ്രയേൽ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടാണ് കൈക്കൊള്ളുന്നത്. യു എന്നിൽ അവതരിപ്പിക്കപ്പെട്ട ഇസ്രയേലിനെ അപലപിക്കുന്നതോ വിമർശിക്കുന്നതോ ആയ പ്രധാനപ്പെട്ട ചില പ്രമേയങ്ങളിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് അതിന്റെ ഉദാഹരണങ്ങളാണ്. ഇസ്രയേലിന് ആയുധം നൽകുന്നതിനെതിരെ, ഒരുവർഷത്തിനുള്ളിൽ അധിനിവേശ പലസ്തീനിൽനിന്ന് പിന്മാറണമെന്നതുൾപ്പെടെയുള്ള പ്രമേയങ്ങളിൽ ഇന്ത്യ വോട്ടുചെയ്തിരുന്നില്ല.

അതേസമയം, ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക അയൽരാജ്യങ്ങളും, അതുപോലെ പശ്ചിമേഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അന്റോണിയോ ഗുട്ടറസിനെ 'പേഴ്സണൽ നോൺ ഗ്രാറ്റ'യായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തിൽ കടുത്ത ആശങ്കയും അപലപനവും പ്രകടിപ്പിക്കുന്നതാണ് കത്ത്. “ സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും മാനുഷിക പിന്തുണ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ ചുമതല നിർവഹിക്കാനുള്ള കഴിവിനെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുന്നു” കത്തിൽ പറയുന്നു. ചിലിയൻ കത്ത് ഫ്രാൻസ്, റഷ്യ, ചൈന, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളിൽ കുറഞ്ഞത് 10 പേരെങ്കിലും അംഗീകരിച്ചിട്ടുണ്ട്. അമേരിക്ക, യുകെ, ജപ്പാൻ, തെക്കൻ കൊറിയ എന്നിവർ ഇതിൽ ഒപ്പുവെച്ചില്ല.

logo
The Fourth
www.thefourthnews.in