'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

2018 മുതല്‍ 2024 വരെയുള്ള കാലയളവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്
Updated on
1 min read

കാനഡയിലെ പ്രാദേശിക രാഷ്ട്രീയത്തിലിടപെടാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതായി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്). പ്രവാസ സമൂഹങ്ങളെ സ്വാധീനിച്ചും പണം നല്‍കിയും തെറ്റായ വിവരങ്ങള്‍ കൈമാറിയും തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന വ്യക്തികളെ പാർലമെന്റിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.

നേതൃത്വത്തിലും നോമിനേഷനിലും ഉള്‍പ്പെടെ ഇടപെട്ട് കേന്ദ്ര സർക്കാർ അനുകൂലികളെ പിന്തുണച്ച് പാർലമെന്റില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നും കണ്‍ട്രി സമ്മറീസ് എന്ന് തലക്കെട്ട് നല്‍‌കിയിരിക്കുന്ന റിപ്പോർട്ടില്‍ പറയുന്നു. കേന്ദ്ര സർക്കാർ തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവരെ തിരഞ്ഞെടുക്കാൻ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ സ്വാധീനിക്കാൻ ശ്രമിച്ചിരിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഏജന്റുമാർ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാം. കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവർ തിരഞ്ഞെടുക്കപ്പെടാനും അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ സ്വാധീനിക്കാനും കനേഡിയൻ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയുള്ള ശ്രമങ്ങളും നടത്തിയ റിപ്പോർട്ടുകളുണ്ടെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രചാരണങ്ങള്‍ക്ക് അനധികൃതമായി പണം ലഭിച്ചതായി സ്ഥാനാർഥികള്‍ക്കുപോലും അറിവില്ലാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈനയ്ക്ക് മുകളിലും സമാന ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്
ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

2018 മുതല്‍ 2024 വരെയുള്ള കാലയളവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. എന്നാല്‍, ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ഉയർത്തിയിട്ടുള്ള ആരോപണങ്ങള്‍ റിപ്പോർട്ടില്‍ പരാമർശിക്കുന്നില്ല.

കനേഡിയൻ പാർലമെന്റിലായിരുന്നു നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണം ട്രൂഡോ ഉന്നയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തേയും ആരോപണം ബാധിച്ചിരുന്നു.

കാനഡയില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരെയും ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നുവെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു ആരോപണം.

എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി കനേഡിയൻ സർക്കാർ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഇന്ത്യൻ ഹൈ കമ്മിഷണർ സഞ്ജയ് കുമാർ വർമ വ്യക്തമാക്കി. ട്രൂഡോയുടെ കൊലപാതകവുമായ ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തമായ തെളിവുകള്‍ പുറത്തുവിടാൻ കാനഡയ്ക്ക് സാധിച്ചിരുന്നില്ലെന്നും വർമ ചൂണ്ടിക്കാണിച്ചു.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്
ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

"ഇന്ത്യ ഒരിക്കലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍, ഖലിസ്താനി ഭീകരവാദികള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതായി കണ്ടിട്ടുണ്ട്," വർമ കൂട്ടിച്ചേർത്തു.

കാനഡയുടെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്ലോബല്‍ അഫേഴ്‌സ്, പ്രൈവി കൗണ്‍സില്‍ ഓഫീസ്, റോയല്‍ കനേഡിയൻ മൗണ്ടട് പോലീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് സേഫ്‌റ്റി എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ, റഷ്യ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുണ്ട്.

logo
The Fourth
www.thefourthnews.in