എസ് സി ഒ യോഗത്തില്‍ പങ്കെടുക്കണം; പാക് വിദേശകാര്യ മന്ത്രിയ്ക്ക് ഇന്ത്യയുടെ ക്ഷണം, ചര്‍ച്ചകള്‍ക്ക്  വഴി തുറക്കുന്നു

എസ് സി ഒ യോഗത്തില്‍ പങ്കെടുക്കണം; പാക് വിദേശകാര്യ മന്ത്രിയ്ക്ക് ഇന്ത്യയുടെ ക്ഷണം, ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു

2011 ജൂലൈയിൽ ഹിന റബ്ബാനി ഖർ ആണ് അവസാനമായി ഇന്ത്യ സന്ദർശിച്ച പാക് വിദേശകാര്യ മന്ത്രി
Updated on
2 min read

ഇന്ത്യയുമായുള്ള യുദ്ധത്തിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിച്ചുവെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യ - പാക് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നു. ഷാങ്ങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലേക്കാണ് ഇന്ത്യ പാക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മുഖേനയാണ് പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്ക് കത്തയച്ചത്.

മേയ് ആദ്യവാരം ഗോവയിൽ വെച്ചാണ് ഷാങ്ങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച നടക്കുന്നത്. ക്ഷണം സ്വീകരിച്ചാല്‍ ഒരു പതിറ്റാണ്ടിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പാക് വിദേശകാര്യ മന്ത്രിയായി ബിലാവൽ ഭൂട്ടോ സർദാരിമാറും. 2011 ജൂലൈയിൽ ഹിന റബ്ബാനി ഖർ ആണ് അവസാനമായി ഇന്ത്യ സന്ദർശിച്ച പാക് വിദേശകാര്യ മന്ത്രി.

2015 ഡിസംബറിൽ ഇസ്‌ലാമാബാദിൽ നടന്ന ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ പങ്കെടുത്ത സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി.

ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കൂടി എസ്‌സിഒയിൽ അംഗങ്ങളാണ്.ഇവർക്കുള്ള ക്ഷണവും ഇന്ത്യ അയച്ചിട്ടുണ്ട്. എന്നാൽ ഉഭയകക്ഷി ബന്ധം അത്ര സുഖകരമല്ലാത്ത അവസ്ഥയിൽ തുടരവേ പാകിസ്താനുള്ള ക്ഷണവും അവരുടെ മറുപടിയും കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.

അതേസമയം, സമാധാനം പുനസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഷഹബാസ് ഷെരിഫ് പറഞ്ഞിരുന്നെങ്കിലും കശ്മീരിന്റെ പ്രത്യേക അധികാരം പിൻവലിച്ച തീരുമാനം മാറ്റിയ ശേഷം ഇന്ത്യയുമായി മാത്രമേ ചർച്ച സാധ്യമാകൂ എന്ന് തിരുത്തിയിരുന്നു. ക്ഷണം സ്വീകരിക്കുകയാണെങ്കിൽ 12 വർഷങ്ങൾക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് വിദേശകാര്യ മന്ത്രിയാകും ബിലാവൽ ഭൂട്ടോ സർദാരി.

2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കൂടി എടുത്തുകളഞ്ഞതോടെ വ്യാപാര- നയന്തന്ത്ര ബന്ധങ്ങളിലും വിള്ളലുണ്ടായി

'അയൽരാജ്യങ്ങൾക്ക് പ്രാധാന്യം' എന്ന നയം സ്വീകരിച്ചിട്ടുള്ള ഇന്ത്യ, പാകിസ്താനുമായി ഒരു സാധാരണ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങൾ ഭീകരവാദവും അക്രമങ്ങളുമില്ലാതെ ഉഭയചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനുള്ള അവസരം ഒരുക്കേണ്ട ഉത്തരവാദിത്വം പാകിസ്താനാണ്. എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യസുരക്ഷയും പ്രാദേശിക അഖണ്ഡതയും തകർക്കാനുള്ള ശ്രമങ്ങളുണ്ടായാൽ നേരിടുമെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2015 ഡിസംബറിൽ ഇസ്‌ലാമാബാദിൽ നടന്ന ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ പങ്കെടുത്ത സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി. 2016ൽ പത്താൻകോട്ടിലും 2019ൽ പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കൂടി എടുത്തുകളഞ്ഞതോടെ വ്യാപാര- നയന്തന്ത്ര ബന്ധങ്ങളിലും വിള്ളലുണ്ടായി. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ചതോടെ ബന്ധം മോശം അവസ്ഥയിലായി. ഷഹബാസ് - ഭൂട്ടോ സഖ്യം ഭരണത്തിലേറിയതോടെയാണ് ഒരു മാറ്റത്തിനുള്ള വഴി തുറന്നത്. കഴിഞ്ഞ രണ്ട് വർഷമായി നിയന്ത്രണ രേഖകളിൽ വെടിനിർത്തൽ തുടരുകയും മതപരമായ തീർത്ഥാടനങ്ങളും സിന്ധു നദീജല ഉടമ്പടി പാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ, 'ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്താൻ ആണെ'ന്ന ജയശങ്കറിന്റെ പരാമർശവും ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിലാവൽ ഭൂട്ടോ വിമർശിച്ചതും വീണ്ടും ചെറിയ ഉരസുലകളിലേക്ക് നയിച്ചിരുന്നു. തുടർന്ന് ഭൂട്ടോയുടെ പരാമർശം അപരിഷ്കൃതമാണെന്ന് പറഞ്ഞ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ മാസമാദ്യം, "കശ്മീർ പോലുള്ള വിഷയങ്ങളിൽ" മോദിയുമായി ആത്മാർത്ഥമായി ചർച്ചകൾ നടത്തണമെന്ന് ഷെരീഫ് ആഹ്വാനം ചെയ്തു. കൂടാതെ ലഷ്കർ-ഇ-ത്വയ്ബ നേതാവ് അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ചേർക്കണമെന്ന ആവശ്യത്തിന് തടസമായി നിന്ന ചൈന പിന്മാറുകയും ചെയ്തിരുന്നു. ഈ രണ്ട് നീക്കങ്ങളാണ് ഇന്ത്യയെ പാകിസ്താനുമായുള്ള പുതിയ ചർച്ചകളിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

logo
The Fourth
www.thefourthnews.in