ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? ഊര്‍ജസ്വലമെന്ന് വൈറ്റ് ഹൗസിന്റെ മറുപടി
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ജോ ബൈഡന്‍ ഭരണകൂടത്തിന് ആശങ്കയുണ്ടോയെന്ന ചോദ്യത്തിന് ഊര്‍ജസ്വലമെന്ന് വൈറ്റ് ഹൗസിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പ്രതികരണം.
തിങ്കളാഴ്ച വാഷിങ്ടണില്‍ നടന്ന പത്രസമ്മേളനത്തില്‍ നാഷണല്‍ പബ്ലിക് റേഡിയോയുടെ ലേഖിക അസ്മ ഖാലിദിയാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് ആശങ്കയുണ്ടോയെന്ന ചോദ്യമുയർത്തിയത്. ഇന്ത്യയുടേത് ഊര്‍ജസ്വലമായ ജനാധിപത്യമാണെന്നും ആ രാജ്യം സന്ദര്‍ശിക്കുന്ന ആര്‍ക്കും അത് മനസിലാവുമെന്നുമാണ് വൈറ്റ് ഹൗസ് മറുപടി നൽകിയിരിക്കുന്നത്.
ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയും ശരിയായ പ്രവര്‍ത്തനവും എല്ലാം തീര്‍ച്ചയായും ചര്‍ച്ചയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്ന് വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വാഷിങ്ടണിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തുള്ള ആരുമായും ചര്‍ച്ച ചെയ്യുന്നതുപോലെ സുഹൃത്തുക്കളുമായി ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് മടിച്ച് നില്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ഇപ്പോഴുള്ള സൗഹൃദം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. വരുംകാലങ്ങളില്‍ ആഴത്തിലുള്ളതും ശക്തവുമായ പങ്കാളിത്തവും സൗഹൃദവുമാണ് ഇന്ത്യയുമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യ അമേരിക്കയുടെ ശക്തമായ പങ്കാളിയാണെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായി ചില പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടിയ കിര്‍ബി ഇരു രാജ്യങ്ങള്‍ക്കിടയിലും വലിയ സാമ്പത്തിക വ്യാപാരമുണ്ടെന്നും ഇന്ത്യ ഇന്‍ഡോ- പസെഫിക് സുരക്ഷയ്ക്കായുള്ള പസെഫിക് ക്വാഡിലെ അംഗവും പങ്കാളിയും സുഹൃത്തുമാണെന്നും അദ്ദേഹം പറയുന്നു.
ഉഭയകക്ഷിപരമായി മാത്രമല്ല, ബഹുമുഖമായി പല തലങ്ങളിലും ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണെന്ന് പറയാന്‍ കാരണങ്ങള്‍ ഇനിയും ധാരാളം ഉണ്ടെന്നും എല്ലാതരം പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കിടയിലെ പങ്കാളിത്തവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രസിഡന്റ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നതെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.