വാര്‍ഷിക ദുരിത സൂചികയില്‍ ഇന്ത്യ 103ാം സ്ഥാനത്ത്, സിംബാബ്‌വെ ഒന്നാമത്‌

വാര്‍ഷിക ദുരിത സൂചികയില്‍ ഇന്ത്യ 103ാം സ്ഥാനത്ത്, സിംബാബ്‌വെ ഒന്നാമത്‌

ലോകത്തിലെ ഏറ്റവും ദുരിത പൂര്‍ണമായ രാജ്യം സിംബാബ്‌വെയാണ്. യുക്രെയ്ന്‍, സിറിയ, സുഡാന്‍ എന്നീ യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളെയാണ് സിംബാബ്‌വെ മറികടന്നത്
Updated on
1 min read

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്ക്‌സിന്റെ വാര്‍ഷിക ദുരിത സൂചികയില്‍ ഇന്ത്യ 103ാം സ്ഥാനത്ത്. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയാണ് ഇന്ത്യയെ സൂചികയില്‍ പിന്നോട്ടടിച്ചത്. രാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പട്ടിക തയാറാക്കിയത്. ലോകത്തിലെ ഏറ്റവും ദുരിത പൂര്‍ണമായ രാജ്യം സിംബാബ്‌വെയാണ്. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്ന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് സിംബാബ്‌വെയ്ക്കു പിന്നില്‍. ന്യൂയോര്‍ക്ക് പോസ്റ്റ് പ്രകാരം മൊത്തത്തില്‍ 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തിട്ടുള്ളത്.

'അതിശയിപ്പിക്കുന്ന പണപ്പെരുപ്പം, ഉയര്‍ന്ന തൊഴിലില്ലായ്മ, വര്‍ധിച്ച വായ്പാ നിരക്കുകള്‍, ശോഷിച്ച ജിഡിപി വളര്‍ച്ച തുടങ്ങിയവക്ക് നന്ദി. ഹാന്‍കെ 2022 വാര്‍ഷിക ദുരിത സൂചികയില്‍ ലോകത്തിലെ ഏറ്റവും ദയനീയമായ രാജ്യമായി സിംബാബ്‌വെയെ കണക്കാക്കുന്നു. ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ?,' എന്നാണ് സ്റ്റീവ് ഹാന്‍ങ്കെ ട്വീറ്റ് ചെയ്തത്.

രാജ്യത്തിന്റെ ഈ വലിയ ദുരിതത്തിന് കാരണം അവിടത്തെ രാഷ്ട്രിയ പാര്‍ട്ടിയായ സാനു-പിഎഫ് ആണെന്നാണ് ഹാന്‍ങ്കെ പറയുന്നത്. വെനിസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രെയ്ന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ 15-ല്‍ ഇടംപിടിച്ചത്.

പട്ടികയില്‍ ഏറ്റവും കുറവ് സ്‌കോറുള്ളത് സ്വിറ്റ്‌സര്‍ലാന്‍ഡിനാണ്. ഏറ്റവും സന്തുഷ്ടമായ രണ്ടാമത്തെ രാജ്യം കുവൈത്താണ്. അയര്‍ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തായ്വാന്‍, നൈജര്‍, തായ്ലന്‍ഡ്, ടോഗോ, മാള്‍ട്ട എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. പട്ടികയില്‍ 134ാം സ്ഥാനത്താണ് അമേരിക്ക. തൊഴിലില്ലായ്മയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി ആറ് വര്‍ഷം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിന്‍ലന്‍ഡ്, ദുരിത സൂചികയില്‍ 109-ാം സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in