തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 5000 കടന്നു, സഹായവുമായി ഇന്ത്യ ആദ്യ സംഘത്തെ അയച്ചു

തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 5000 കടന്നു, സഹായവുമായി ഇന്ത്യ ആദ്യ സംഘത്തെ അയച്ചു

ദുരന്തത്തെ അതിജീവിക്കാന്‍ തുര്‍ക്കിക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on
1 min read

തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണം 5000 പിന്നിട്ടു. നിരവധി പേരാണ് ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ആറായിരത്തിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സിറിയൻ അതിർത്തിയായ ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർഗാഡിയാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇരുരാജ്യങ്ങളിലും തുടര്‍ചലനവും അനുഭവപ്പെട്ടിരുന്നു.

തുര്‍ക്കിക്കും സിറിയയ്ക്കും രക്ഷാപ്രവര്‍ത്തനത്തിന് വിവിധ ലോകരാഷ്ട്രങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. തുര്‍ക്കിയിലേക്ക് സഹായവുമായി ഇന്ത്യ ആദ്യ സംഘത്തെ അയച്ചു. എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകള്‍, മെഡിക്കല്‍ ടീം, ഡ്രില്ലിങ് മെഷീനുകള്‍ എന്നിവയ്ക്കൊപ്പം ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചു.

ദുരന്തത്തെ അതിജീവിക്കാന്‍ തുര്‍ക്കിക്ക് ഇന്ത്യയുടെ പൂര്‍ണസഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ എര്‍ദോഗാനെ ഫോണില്‍ വിളിച്ച് നാറ്റോ സഖ്യ കക്ഷികളുടെ സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഭൂകമ്പബാധിത മേഖലകളില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഹതായ് മേഖലയില്‍ സ്റ്റേഡിയങ്ങള്‍, മാളുകള്‍, പള്ളികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ദുരിതബാധിതര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. വൈദ്യ സഹായം ആവശ്യമുള്ളവരെ തൊട്ടടുത്ത നഗരമായ മെര്‍സിനിയിലേക്ക് മാറ്റുന്നതിനായി പ്രത്യേക കപ്പല്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തുര്‍ക്കിയിലെ 10 പ്രവശ്യകളില്‍ മാത്രം 3500ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 20,000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ മരണസംഖ്യ 1000 പിന്നിട്ടു. സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.

logo
The Fourth
www.thefourthnews.in