ഓപ്പറേഷൻ കാവേരി: രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനാ വിമാനം സുഡാനിൽ

ഓപ്പറേഷൻ കാവേരി: രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനാ വിമാനം സുഡാനിൽ

കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചിയാണ് വിമാനം സുഡാനിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്
Updated on
1 min read

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന 'ഓപ്പറേഷൻ കാവേരി'യുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ വിമാനവും സുഡാനിലെത്തി. IAF C-130J വിമാനമാണ് രക്ഷാദൗത്യവുമായി പോർട്ട് സുഡാനിലെത്തിയത്. 278 ഇന്ത്യക്കാർ അടങ്ങിയ ആദ്യ സംഘവുമായി നാവികസേന കപ്പൽ ഐ എൻ എസ് സുമേധ ചൊവ്വാഴ്ച ഉച്ചയോടെ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടിരുന്നു.

കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചിയാണ് വിമാനം സുഡാനിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പത്ത് ദിവസമായി സൈനിക-അർധ സൈനിക വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന സുഡാനിൽ ഏകദേശം മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാർക്ക് ഇടത്താവളം ഒരുക്കിയിരിക്കുന്ന സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് പരിശോദിച്ചതായി വി മുരളീധരനും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മെത്തകൾ, ഭക്ഷണം, ശുചിമുറികൾ, മെഡിക്കൽ സൗകര്യങ്ങൾ, വൈഫൈ എന്നിവയുൾപ്പെടെ എല്ലാം പൂർണ്ണമായും സജ്ജീകരിച്ചിരിച്ചിട്ടുണ്ടെന്നും. 24/7 പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇടത്താവളമൊരുക്കിയിരിക്കുന്ന ജിദ്ദയിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കുക. 500 പേരാണ് സുഡാനിലെ പോർട്ടിൽ ആദ്യമെത്തിയത്.

ഓപ്പറേഷൻ കാവേരി: രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനാ വിമാനം സുഡാനിൽ
ആഭ്യന്തര സംഘര്‍ഷം: സുഡാനില്‍ നിന്ന് ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി രാജ്യങ്ങൾ

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് രക്ഷാപ്രവർത്തനത്തിന് വി മുരളീധരൻ നേതൃത്വം നൽകുന്നത്. കൊച്ചിയിലെ യുവം വേദിയിൽ വച്ചാണ് പ്രധാനമന്ത്രി ദൗത്യത്തിന്റെ ചുമതല വി മുരളീധരനെ ഏൽപ്പിച്ചതായി പ്രഖ്യാപിച്ചത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ രണ്ട് സി 130 ജെ വിമാനങ്ങൾ ജിദ്ദ വിമാനത്താവളത്തിലും ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഫ്രാൻസ് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ച് ജിബൂട്ടിയിലെ ഫ്രാൻസ് സൈനികതാവളത്തിൽ എത്തിച്ചു. ശനിയാഴ്ച സൗദി അറേബ്യ അവരുടെ പൗരൻമാർക്കൊപ്പം 12 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു.

അതേസമയം, സൈനിക അർധ സൈനിക വിഭാഗം മൂന്ന് ദിവസത്തെ വെടിനിർത്തലിന് തയ്യാറായതായി അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഏപ്രിൽ 24 അർധരാത്രി മുതൽ 72 മണിക്കൂറത്തേയ്ക്കാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in