നബീല സെയ്ദ്
നബീല സെയ്ദ്

"ഞാൻ നബീല സെയ്ദ്..." : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഇന്ത്യൻ - അമേരിക്കന്‍ വംശജ

ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, നികുതി ഇളവ് , തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഊന്നിയവയായിരുന്നു നബീലയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
Updated on
1 min read

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ - അമേരിക്കന്‍ വംശജയായ 23 കാരി. ഇല്ലിനോയ് ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നബീല സെയ്ദ് എന്ന ഇന്ത്യൻ - അമേരിക്കന്‍ വംശജ. 52.3 % വോട്ട് നേടിയാണ് ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥിയായ നബീല, റിപ്പബ്ലിക്കൻ പാർട്ടിയുടെ ക്രിസ് ബോസിനെ പരാജയപ്പെടുത്തിയത്.

"എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസ്സുള്ള ഒരു മുസ്ലിം, ഇന്ത്യൻ - അമേരിക്കൻ സ്ത്രീയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന മേഖലയില്‍ ഞങ്ങൾ അട്ടിമറി വിജയം നേടി. ഈ ജനുവരിയിൽ ഇല്ലിനോയ് ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഞാൻ മാറും" വിജയത്തിന് ശേഷം നബീല ട്വിറ്ററിൽ കുറിച്ചു.

ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, നികുതി ഇളവ് , തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഊന്നിയവയായിരുന്നു നബീലയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. തോക്കുകളുടെ ദുരുപയോഗം തടയല്‍, ലിംഗ സമത്വം ഉറപ്പാക്കല്‍, അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളും നബീല മുന്നോട്ട് വെയ്ക്കുന്നു.

ഇല്ലിനോയ്സിലെ പാലറ്റൈനിൽ വളർന്ന നബീല , ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ബിസിനസിലും ഡബിൾ മേജർ ബിരുദം നേടിയിട്ടുണ്ട്. പ്രാദേശിക വ്യവസായ സംരഭങ്ങളെ സഹായിക്കുന്ന ഒരു കൺസൾട്ടിങ് ഏജന്‍സിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ നിരവധി ഇന്ത്യൻ വംശജർ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യു എസ് ജനപ്രതിനിധി സഭയിൽ നിലവില്‍ അഞ്ച് ഇന്ത്യൻ വംശജരാണുള്ളത്. ഡെമോക്രാറ്റിക് പ്രതിനിധികളായ അമി ബേര, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ തനേദാർ എന്നിവരാണ് ഈ ഇന്ത്യൻ വംശജർ.

logo
The Fourth
www.thefourthnews.in