ഗുർപത്വന്ത് സിങ് പന്നൂ
ഗുർപത്വന്ത് സിങ് പന്നൂ

'പന്നൂനെതിരായ വധശ്രമത്തിന്റെ ബുദ്ധികേന്ദ്രം ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍'; കുറ്റപത്രം തയാറാക്കി അമേരിക്ക

യുഎസ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യൻ ഉദ്യോഗസ്ഥനെ സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
Updated on
2 min read

ന്യൂയോർക്കിൽ കഴിയുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ 'ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ' ഗൂഢാലോചന നടത്തിയതായി യു എസ് നീതിന്യായ വകുപ്പ്. പന്നൂനെ വധിക്കാൻ ഒരാളെ കണ്ടെത്തുന്നതിന് മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിൽ പ്രതിയായ നിഖിൽ ഗുപ്തയെന്ന വ്യക്തിയെയാണ് 'ഇന്ത്യൻ ഉദ്യോഗസ്ഥൻ' നിയോഗിച്ചതെന്നും അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിച്ചു. ഇതിന് ആധാരമായ ഇലക്ട്രോണിക് തെളിവുകൾ ഉണ്ടെന്നും അധികൃതർ അവകാശപ്പെട്ടു. നവംബർ 29ന് ന്യൂയോർക്കിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യ തീവ്രവാദിയെന്ന് മുദ്രകുത്തിയ വ്യക്തിയാണ് ഗുർപത്വന്ത് സിങ് പന്നു. കൂടാതെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സിഖ് ഫോർ ജസ്റ്റിസിനെ ഭീകരവാദ സംഘടനയായാണ് ഇന്ത്യ കണക്കാക്കുന്നത്.

യുഎസ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത 'ഇന്ത്യൻ ഉദ്യോഗസ്ഥനെ' സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവൻ പദ്ധതികൾക്കും പിന്നിലെന്നാണ് ആരോപണം. ഇയാള്‍ സി ആർ പി എഫ് മുൻ ഉദ്യോഗസ്ഥനാണെന്നും നിലവിൽ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജൻസ് എന്നീ ഉത്തരവാദിത്തങ്ങളുള്ള 'സീനിയർ ഫീൽഡ് ഓഫീസർ' ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഗുജറാത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഖില്‍ ഗുപ്തയെ കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ്‌ ഇയാള്‍ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. 2023 മെയ് മാസത്തിലാണ് സിസി-1 (ഇന്ത്യൻ ഉദ്യോഗസ്ഥൻ) നിഖില്‍ ഗുപ്തയുമായി ബന്ധപ്പെടുന്നത്. ടെലിഫോണും മറ്റ് ഇലക്ട്രോണിക് ആശയായവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നിർദേശങ്ങൾ കൈമാറിയിരുന്നത്. തുടർന്ന് ഇരുവരും ന്യൂ ഡൽഹിയിൽ വച്ച് നേരിട്ട് കണ്ടതായും പറയുന്നു.

ഗുർപത്വന്ത് സിങ് പന്നൂ
നിജ്ജാറിന്റെ ശരീരത്തില്‍ 34 വെടിയുണ്ടകള്‍, ആക്രമിച്ചത് ആറംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ വിവരിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ന്യൂയോർക്കിൽ ഒരു കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നു നിഖിൽ ഗുപ്തയുടെ ജോലി. അതിന്റെ ഭാഗമായി ഒരുലക്ഷം ഡോളറിന്റെ കൊട്ടേഷൻ ന്യൂയോർക്കിലുള്ള കൊലയാളിക്ക് നൽകാനും നിഖിൽ പദ്ധതിയിട്ടിരുന്നു. എന്നാൽ നിഖിൽ ഗുപ്ത കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിൻസ്‌ട്രേഷന്റെ അണ്ടർകവർ ഏജന്റായിരുന്നു. ഇതോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന പുറത്തുവരുന്നത്.

നിലവിൽ നിഖിൽ ഗുപ്ത ചെക് അധികൃതരുടെ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടിയിലാണ് ഇരുരാജ്യങ്ങളും. വാടകക്കൊല, അതിനുള്ള ഗൂഢാലോചന എന്നിങ്ങനെ പരമാവധി 20 വര്ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്.

ഗുർപത്വന്ത് സിങ് പന്നൂ
ഹര്‍ദീപ് സിങ് നിജ്ജർ വധത്തിന് പിന്നാലെ അമേരിക്കയിലെ സിഖ് നേതാക്കൾക്ക് ജാഗ്രതാ മുന്നറിയിപ്പ്; നൽകിയത് എഫ്ബിഐ

യുഎസിൽ ഒരു സിഖ് വിഘടനവാദിയെ കൊല്ലാനുള്ള ഗൂഢാലോചന, അമേരിക്കൻ ഏജൻസികൾ തകർത്തുവെന്ന് അടുത്തിടെ ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവങ്ങൾ പുറത്തുവരുന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾ നേരത്തെ ഇന്ത്യ നിഷേധിച്ചിരുന്നു. എന്നാൽ അമേരിക്കയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ തങ്ങൾ പറഞ്ഞ കാര്യങ്ങളെ അടിവരയിടുന്നതാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാനഡയുടെ വാദത്തെ അടിവരയിടുന്ന തരത്തിൽ നിജ്ജർ തങ്ങളുടെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടായിരുന്നതായി സിസി-1, നിഖിൽ ഗുപ്തയോട് പറഞ്ഞതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഇന്ത്യ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in