ഋഷി അതുല്‍ രാജ്പോപത്
ഋഷി അതുല്‍ രാജ്പോപത്

മൂന്ന് വർഷത്തെ കഠിന തപസ്; പാണിനിയുടെ വ്യാകരണ പ്രശ്നത്തിന് ഋഷിയുടെ പരിഹാരം

സംസ്‌കൃത ഭാഷാചാര്യനായ പാണിനി 2500 വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ സങ്കീർണ വ്യാകരണ നിയമമാണ് 27കാരനായ കേംബ്രിഡ്ജ് വിദ്യാർത്ഥി ഋഷി അതുല്‍ രാജ്പോപത് ഡീകോഡ് ചെയ്തത്
Updated on
1 min read

ബി സി അഞ്ചാം നൂറ്റാണ്ട് മുതല്‍ പണ്ഡിതന്മാരെ കുഴപ്പിച്ച ഒരു സംസ്‌കൃത വ്യാകരണ പ്രശ്‌നം പരിഹരിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയായ ഋഷി അതുല്‍ രാജ്പോപത്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന പുരാതന സംസ്‌കൃത ഭാഷയുടെ ആചാര്യനായ പാണിനി എഴുതിയ ഒരു സങ്കീർണ വാചകമാണ് 27കാരനായ ഋഷി ഡീകോഡ് ചെയ്തത്.

കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് കോളേജിലെ ഏഷ്യന്‍-മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസ് ഫാക്കല്‍റ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഋഷി. പാണിനിയുടെ മെറ്റാ നിയമപ്രകാരം തുല്യ ശക്തിയുള്ള രണ്ട് നിയമങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടായാല്‍ രണ്ടാമത് വരുന്ന നിയമം വിജയിക്കും. പക്ഷെ, ഇത് വ്യാകരണത്തെറ്റുകൾക്ക് ഇടയാക്കുമെന്ന വൈരുധ്യവുമുണ്ട്. മെറ്റാ നിയമത്തിന്റെ ഈ പരമ്പരാഗത വ്യാഖ്യാനമാണ് ഋഷി പൊളിച്ചെഴുതിയത്.

ഒരു വാക്കിന്റെ ഇടത്തും വലത്തും രണ്ട് നിയമങ്ങള്‍ ചേര്‍ക്കുമ്പോള്‍ വലത് വശത്ത് ബാധകമായ നിയമം തിരഞ്ഞെടുക്കണമെന്നാണ് പാണിനി നിര്‍വചിച്ചിരിക്കുന്നതെന്നാണ് ഋഷിയുടെ വ്യാഖ്യാനം.  പാണിനിയുടെ ഈ ഭാഷാ നിയമം കാര്യമായ ഒഴിവാക്കലുകളില്ലാതെ വ്യാകരണപരമായി ശരിയായ പദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിചേര്‍ന്നത്.

ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി ഒൻപത് മാസങ്ങൾക്ക് ശേഷം താൻ അത് ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചിരുന്നതായി ഋഷി പറഞ്ഞു. ''വ്യാകരണ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എവിടെയും എത്താതായതോടെ ഒരു മാസത്തേക്ക് പുസ്തകങ്ങളടച്ചുവെച്ച് നീന്തലും സൈക്ലിങുമടക്കമുള്ള വിനോദങ്ങളിലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലുമേര്‍പ്പെട്ടു. പിന്നീട്, നിരാശയോടെ ഞാൻ ജോലിയിലേക്ക് മടങ്ങി. മിനിറ്റുകൾക്കുള്ളിൽ, പേജുകൾ മറിച്ചപ്പോൾ ഈ പാറ്റേണുകൾ ഉയർന്നുവരാൻ തുടങ്ങി. എല്ലാം അർത്ഥമാക്കാൻ തുടങ്ങി''- ഋഷി പറയുന്നു. അതിനുശേഷം രണ്ടു വർഷം കൂടെ ശ്രമിച്ചാണ് തന്റെ പ്രശ്നപരിഹാരം ഋഷി അതുൽ രാജ്‌പോപത് അവതരിപ്പിച്ചത്

നൂറ്റാണ്ടുകളായി പണ്ഡിതന്മാരെ കുഴപ്പിച്ചിരുന്ന വ്യാകരണ പ്രശ്‌നത്തിന് തന്റെ വിദ്യാര്‍ഥി ഗംഭീരമായ പരിഹാരമാണ് കണ്ടെത്തിയതെന്ന് ഋഷിയുടെ പ്രൊഫസര്‍ വെര്‍ജിയാനി പറഞ്ഞു. ഭാഷയോടുള്ള താത്പര്യം വർധിച്ചുവരുന്ന കാലത്ത് അദ്ദേഹത്തിന്റെ കണ്ടെത്തൽ സംസ്‌കൃത പഠനത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും പ്രൊഫസര്‍ വെര്‍ജിയാനി പറഞ്ഞു. ഇന്ത്യയില്‍ നൂറു കോടിയിലധികം വരുന്ന ജനസംഖ്യയില്‍ 25,000 പേര്‍ മാത്രമേ സംസ്‌കൃതം സംസാരിക്കുന്നുള്ളൂ.

logo
The Fourth
www.thefourthnews.in