ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു; വംശീയ ആക്രമണമെന്ന് കുടുംബം, ഒരാൾ അറസ്റ്റിൽ
ഓസ്ട്രേലിയയിൽ 28കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ആഗ്ര സ്വദേശിയായ ശുഭം ഗാർഗ് ഒക്ടോബര്‍ ആറിനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം തവണ കുത്തേറ്റ ശുഭം ഗുരുതരാവസ്ഥയിലാണ്. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ശുഭം. രാത്രി പസഫിക് ഹൈവേയിലൂടെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ഓസ്ട്രേലിയന്‍ പൗരനായ 27കാരന്‍ ഡാനിയൽ നോർവുഡ് അറസ്റ്റിലായി. ഇയാൾക്കെതിരെ ചാറ്റ്‌സ്‌വുഡ് പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഡിസംബർ 14വരെ നോർവുഡ് കസ്റ്റഡിയിൽ തുടരും. പണവും ഫോണും ആവശ്യപ്പെട്ട് നോർവുഡ് ഗാർഗിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി വയറിൽ കുത്തുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശുഭത്തിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അതിനിടെ ശുഭത്തിനെതിരായ ആക്രമണം വംശീയ വിദ്വേഷത്തിന്റെ ഭാഗമാണെന്ന് കുടുംബം ആരോപിച്ചു. ''ഉത്തർപ്രദേശിൽ നിന്നുള്ള എന്റെ സഹോദരൻ ശുഭം ഗാർഗ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ 11 തവണ കത്തികൊണ്ട് ക്രൂരമായി ആക്രമിക്കപ്പെട്ടു. അവന്റെ നില ഗുരുതരമാണ്. ഈ വിഷയത്തിൽ ഞങ്ങൾ നിങ്ങളുടെ അടിയന്തര സഹായവും അദ്ദേഹത്തെ പരിപാലിക്കുന്നതിനായി കുടുംബാംഗങ്ങൾക്ക് അടിയന്തര വിസ നൽകണമെന്നും അപേക്ഷിക്കുന്നു''. ശുഭത്തിന്റെ സഹോദരി കാവ്യ ഗാർഗ് ട്വിറ്ററിൽ കുറിച്ചു. ഒരാഴ്ചയിലേറെയായി ഓസ്‌ട്രേലിയൻ വിസ ലഭിക്കാൻ ശ്രമിക്കുകയാണെന്നും ശുഭത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ വിസാ നടപടികൾ സുഗമമാക്കുന്നതിന് നടപടികൾ ചെയ്തതായി അറിയിച്ചു.