ഇന്തോനേഷ്യയിലെ സെമെരു അഗ്നിപർവതം പൊട്ടിത്തെറിച്ചു; രണ്ടായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു
ഇന്തോനേഷ്യയിലെ ജാവ ദ്വീപിന്റെ കിഴക്കൻ പ്രദേശത്തുണ്ടായ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത നിർദേശം നൽകി അധികൃതർ. മൗണ്ട് സെമേരു അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രദേശത്ത് നിന്ന് രണ്ടായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആകാശത്തേക്ക് 15 കിലോമീറ്ററോളം ഉയരത്തില്‍ ചാരം ഉയർന്നതായാണ് റിപ്പോർട്ടുകള്‍. ജാവയിലെ ഏറ്റവും ഉയർന്നതും ഏറ്റവും സജീവമായതുമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് മൗണ്ട് സെമേരു.
നിലവിൽ വിമാന യാത്രകളെ സ്ഫോടനം ബാധിച്ചിട്ടില്ലെങ്കിലും സമീപമുള്ള രണ്ട് പ്രാദേശിക വിമാനത്താവളങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 1,979 പേരെ 11 ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. രക്ഷാപ്രവർത്തനം പ്രദേശത്ത് തുടർന്നുവരികയാണ്.
സെമെരു കഴിഞ്ഞ വർഷം പൊട്ടിത്തെറിച്ച് 50 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴത്തെ അഗ്നിപർവ്വതം സുനാമിക്ക് കാരണമായേക്കാം എന്ന ആശങ്കകളും മുന്‍പ് നിലനിന്നിരുന്നു. സെമേരുവിന്റെ സ്ഫോടന കേന്ദ്രത്തിൽ നിന്ന് എട്ട് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021-ലെയും 2020-ലെയും അഗ്നിപർവത സ്‌ഫോടനങ്ങളെ അപേക്ഷിച്ച് വലിയ അളവിൽ മാഗ്മ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് പിവിഎംബിജി (വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാർഡ് മിറ്റിഗേഷന്‍ സെന്റർ) മേധാവി ഹെന്ദ്ര ഗുണവൻ വ്യക്തമാക്കിയിട്ടുണ്ട്.
142 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ , ഒരു അഗ്നിപർവതത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ 8.6 ദശലക്ഷം ആളുകൾ എന്ന നിലയിൽ വലിയ ജനസംഖ്യ തിങ്ങിപ്പാർക്കുന്നുണ്ട് . കഴിഞ്ഞ മാസങ്ങളില്‍ ഇന്തോനേഷ്യയിൽ ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങളുടെ പരമ്പരയ്ക്ക് പിന്നാലെയാണ് അഗ്നിപർവത സ്ഫോടനം.