ഇന്ത്യൻ വംശജരായ ഉദ്യോഗാർഥികളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു: യുഎസിൽ ഇൻഫോസിസിനെതിരെ നിയമ നടപടി

ഇന്ത്യൻ വംശജരായ ഉദ്യോഗാർഥികളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു: യുഎസിൽ ഇൻഫോസിസിനെതിരെ നിയമ നടപടി

കമ്പനിയുടെ മുൻ എക്സിക്യൂട്ടീവ് കഴിഞ്ഞ വർഷം നൽകിയ പരാതിയിലാണ് നടപടി
Updated on
1 min read

ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം കാണിച്ചുവെന്ന ആരോപണത്തിൽ അമേരിക്കയിൽ നിയമനടപടി നേരിട്ട് ഇൻഫോസിസ്. കമ്പനിയുടെ മുൻ എക്സിക്യൂട്ടീവ് കഴിഞ്ഞ വർഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഎസ് കോടതിയിൽ നടപടികൾ പുരോഗമിക്കുന്നത്. ഇന്ത്യൻ വംശജർ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസ്സിന് മുകളിലുള്ള ഉദ്യോഗാർഥികൾ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ കമ്പനി തന്നോട് ആവശ്യപ്പെട്ടു എന്നാണ് ഇൻഫോസിസിന്റെ ടാലന്റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്റ് ജിൽ പ്രിജീൻ നൽകിയ പരാതിയിൽ പറയുന്നത്.

മുൻ സീനിയർ വിപിയും കൺസൾട്ടിംഗ് മേധാവിയുമായ മാർക്ക് ലിവിംഗ്സ്റ്റൺ, മുൻ പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്സ് എന്നിവർക്കെതിരെയാണ് കേസ്. സീനിയർ എക്സിക്യൂട്ടീവുകളെ നിയമിക്കാൻ കമ്പനി മുന്നോട്ടുവെച്ച നിയമവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് തന്നെ പിരിച്ചുവിട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് കമ്പനിക്കും കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കും പങ്കാളികൾക്കുമെതിരെ പ്രിജീൻ കേസ് ഫയൽ ചെയ്തത്. പ്രായം, ലിംഗം, പരിചരണം നൽകുന്ന വ്യക്തിയുടെ നില എന്നിവ അടിസ്ഥാനമാക്കി വിവേചനപരമായ രീതിയിൽ ഉദ്യോഗാർഥികളെ നിയമിക്കുന്ന രീതി കണ്ട് താൻ ഞെട്ടിപ്പോയി എന്നാണ് പ്രിജീന്റെ പ്രസ്താവനയിൽ പറയുന്നത്. 2018ൽ ജോലിയുടെ ആദ്യ രണ്ട് മാസം കൊണ്ട് തന്നെ ഈ രീതി മാറ്റാൻ അവർ ശ്രമിച്ചു. എന്നാൽ ഇൻഫോസിസ് പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്സ് എന്നിവരിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്നും പ്രിജീന്‍ പറയുന്നു.

അതേസമയം, ആരോപണങ്ങൾക്ക് തക്കതായ തെളിവ് ഹാജരാക്കാത്തതിനാല്‍ പരാതി തള്ളിക്കളയണമെന്ന് ഇൻഫോസിസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ നിരസിച്ച കോടതി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ (സെപ്റ്റംബർ 30) 21 ദിവസത്തിനകം പ്രതികരണം സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.

നിയമന പ്രക്രിയയിൽ ഇൻഫോസിസ് പരാതി നേരിടുന്നത് ആദ്യമല്ല. 2021ൽ നാല് വനിതാ ജീവനക്കാർ തുല്യ തൊഴിൽ അവസര കമ്മീഷനിൽ, സ്ഥാപനം ഇന്ത്യക്കാർക്കും പുരുഷ തൊഴിലാളികൾക്കും അനുകൂലമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഇൻഫോസിസിനെതിരെ പരാതി നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in