മതകാര്യ പോലീസ് സംവിധാനം ഇറാന്‍ പിരിച്ചുവിട്ടു

മതകാര്യ പോലീസ് സംവിധാനം ഇറാന്‍ പിരിച്ചുവിട്ടു

നിയമ സംവിധാനത്തില്‍ മൊറാലിറ്റി പോലീസിന് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കിയാണ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി തീരുമാനം പ്രഖ്യാപിച്ചത്
Updated on
1 min read

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനിടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മതകാര്യ പോലീസ് സംവിധാനം ഇറാന്‍ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ 16ന് വസ്ത്രധാരണത്തിന്റെ പേരില്‍ ഇറാന്‍ മൊറാലിറ്റി പോലീസ് പിടികൂടിയ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷം ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ രണ്ട് മാസം പിന്നിടുന്നതിനിടെയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. നിയമ സംവിധാനത്തില്‍ മൊറാലിറ്റി പോലീസിന് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കിയാണ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി തീരുമാനം പ്രഖ്യാപിച്ചത് എന്നും എഎഫ് പി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മതകാര്യ പോലീസ് സംവിധാനവും, വസ്ത്ര ധാരണ നിയമങ്ങളും ഇറാന്‍ ഭരണകൂടം പുനഃപരിശോധനയ്ക്കാനൊരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാന്‍ പാര്‍ലമെന്റും ജുഡീഷ്യറിയും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അറ്റോര്‍ണി ജനറലിനെ ഉദ്ധരിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷം ഇറാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം മാസങ്ങള്‍ പിന്നിട്ടിട്ടും ശക്തമായി തുടരുകയാണ്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിജാബ് കത്തിക്കലുമായി പ്രക്ഷോഭം ദിനംപ്രതി രൂക്ഷമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹിജാബ് നിയമം പുനഃപരിശോധിക്കാനുള്ള ഇറാന്‍ ഭരണകൂടത്തിന്റെ നീക്കം. ഹിജാബ് മാറ്റി പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതും പ്രക്ഷോഭം ശക്തമാക്കാന്‍ കാരണമായിതീര്‍ന്നു. മഹ്സ അമിനിയുടെ മരണ ശേഷം ഇറാനില്‍ ഹിജാബ് നിയമങ്ങള്‍ പാലിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിരുന്നു.

1983 ഏപ്രിലിലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്. ഏത് തരത്തിലായിരിക്കും നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിക്കുന്നില്ല. നീതിന്യായ വിഭാഗവും പാര്‍ലമെന്ററി സംസ്‌കാരിക കമ്മീഷനും കൂടിക്കാഴ്ച നടത്തിയ ശേഷം ഒന്നോ രണ്ടോ ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ അമേരിക്ക ബ്രിട്ടന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ഇറാന്‍ രംഗത്തെത്തി. ഓസ്ലോ ആസ്ഥാനമായ മുനഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം ചുരുങ്ങിയത് പ്രക്ഷോഭങ്ങളില്‍ ഇതുവരെ 448 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിജാബ് പ്രക്ഷോഭത്തില്‍ ഇതുവരെ 200ലേറെ പേര്‍ മരിച്ചെന്നാണ് ഇറാന്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. 400ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് വിദേശ മാധ്യങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇറാന്‍ പുതിയ കണക്കുകമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ 300ലേറെ പേര്‍ ഇതുവരെ ഹിജാബ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടന്ന് ഇസ്ലാമിക് റെവല്യൂഷ്യനറി ഗാര്‍ഡ് തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ 448 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വയിലെ ഹ്യൂമണ്‍ റൈറ്റ്സ് ഗ്രൂപ്പ് കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in