ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ഇറാനിലെ നിയമങ്ങളോ ഇസ്ലാമിക നിയമങ്ങളോ അടിസ്ഥാനമാക്കി ഇങ്ങനെയൊരു ക്ലിനിക് സ്ഥാപിക്കാൻ ഭരണകൂടത്തിന് സാധിക്കില്ലെന്ന് മനുഷ്യാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു
Updated on
1 min read

രാജ്യത്തെ ഹിജാബ് നിയമം അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനൊരുങ്ങി ഇറാൻ. ഇതിനായി പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിക്കാനാണ് നീക്കം. 'ഹിജാബ് റിമൂവൽ ട്രീറ്റ്മെന്‍റ് ക്ലിനിക്'എന്നാണ് ഇത്തരം ചികിത്സാകേന്ദ്രങ്ങൾക്ക് പേരിട്ടിരിക്കുന്നത്. സ്ത്രീ - കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദരേസ്താനിയാണ് സർക്കാർ തീരുമാനം അറിയിച്ചത്. ദുരാരാചാരങ്ങൾ തടയാനായി സദുദ്ദേശപരമായാണ് തീരുമാനമെന്നാണ് പ്രഖ്യാപനം.

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖാംമ്നേയിലേക്ക് വിരൽചൂണ്ടുന്നതാണ് വിമർശനങ്ങള്‍

ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സയാകും 'ഹിജാബ് റിമൂവൽ ട്രീറ്റ്മെന്‍റ് ക്ലിനിക്' വഴി ലഭ്യമാക്കുക എന്നാണ് വിശദീകരണം. ഹിജാബ് ധരിക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകളെ കളങ്കിതരെന്ന് മുദ്രകുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും എതിർക്കപ്പെടേണ്ട തീരുമാനമാണിതെന്നും രാജ്യത്തേയും ആഗോളതലത്തിലുമുള്ള വനിത അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിയമപ്രകാരമോ ഇസ്ലാമിക നിയമപ്രകാരമോ ഇങ്ങനെയൊരു ക്ലിനിക് സ്ഥാപിക്കാൻ ഇറാൻ ഭരണകൂടത്തിന് സാധിക്കില്ലെന്ന് മനുഷ്യാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖാംമ്നേയിലേക്ക് വിരൽചൂണ്ടുന്നതാണ് വിമർശനങ്ങള്‍. ചികിത്സാകേന്ദ്രമെന്നതിലുപരി തടവ് കേന്ദ്രമായാകും ഇത്തരം ക്ലിനിക്കുകൾ പ്രവർത്തിക്കാൻ പോകുന്നതെന്ന ആശങ്കയും അവർ പങ്കുവെയ്ക്കുന്നു. ''ഇതൊരു ക്ലിനിക്കായിരിക്കില്ല, ജയിലായിരിക്കും'' - വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഹിജാബ് നിയമം കർശനമാക്കുന്നതിന്റെ മറ്റൊരു രൂപമാണ് ക്ലിനിക്ക് രൂപത്തിലൊരുങ്ങുന്നതെന്നും വിമർശനമുയരുന്നു.

ഹിജാബ് പ്രതിഷേധത്തിന്റെ പേരിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലാക്കുന്നവരെ പീഡിപ്പിക്കുന്നതും മരുന്ന് മാറിനൽകുന്നതും പതിവാണെന്ന് ആരോപണമുണ്ട്

ഹിജാബ് കർശനമാക്കുന്നതിനെതിരെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു വിദ്യാര്‍ഥിനി ടെഹ്റാനിൽ അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചത്. ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ഇറാനിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന ചികിത്സകളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഹിജാബ് പ്രതിഷേധത്തിന്റെ പേരിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലാക്കുന്നവരെ പീഡിപ്പിക്കുന്നതും മരുന്ന് മാറിനൽകുന്നതും പതിവാണെന്നാണ് ആരോപണം. മനുഷ്യാവകാശ സംഘടനകൾ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത് 25കാരിയ റോഷാനക് അലിഷായുടെ കേസായിരുന്നു. വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് ശല്യം ചെയ്തയാളെ നേരിട്ടതിന്റെ പേരിലായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പിന്നീട് ഈ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരേയ്ക്കും പുറത്തുവന്നിട്ടില്ല.

logo
The Fourth
www.thefourthnews.in