ഡോമിനോയുടെ പരസ്യം
ഡോമിനോയുടെ പരസ്യം

ഇനി പരസ്യങ്ങളില്‍ സ്ത്രീകള്‍ വേണ്ട; ഉത്തരവിറക്കി ഇറാന്‍

പരസ്യങ്ങളില്‍ അഭിനയിപ്പിക്കുന്നതിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് ഇറാന്‍ ഇസ്ലാമിക പുരോഹിതര്‍
Updated on
1 min read

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഐസ്ക്രീം കഴിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചതിന് സ്ത്രീകളെ പരസ്യങ്ങളില്‍ നിന്നു തന്നെ വിലക്കി ഇറാന്‍ ഭരണകൂടം. ഇറാനിയന്‍ ഐസ്ക്രീം കമ്പനിയായ ഡോമിനോയുടെ പരസ്യത്തിലാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടി ഐസ്ക്രീം കഴിക്കുന്ന ദൃശ്യം കാണിച്ചത്.ഇതാണ് ഇറാന്‍ ഇസ്ലാമിക്ക് സാംസ്‌കാരിക മന്ത്രാലയത്തെ ചൊടിപ്പിച്ചത്.സ്ത്രീകളെ പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇറാന്‍ ഇസ്ലാമിക പുരോഹിതരുടെ വാദം.

എല്ലാ തരം പരസ്യങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കിക്കൊണ്ട് മന്ത്രാലയം പരസ്യ ഏജന്‍സികള്‍ക്ക് കത്ത് അയച്ചു.ചിത്രം ഇറാനിലെ ആത്മീയ നേതാക്കളെ ക്ഷുഭിതരാക്കിയതിനെ തുടര്‍ന്ന് ഡോമിനോയ്‌ക്കെതിരെ നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു.സ്ത്രീകളേയും കുട്ടികളേയും ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നത് വിലക്കിയുളള പ്രാദേശിക നിയമം മുന്‍നിർത്തിയാണ് സർക്കാരിന്റെ നടപടി.

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സർക്കാർ ഉത്തരവിനെതിരെ പ്രത്യക്ഷമായിത്തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. 1979 ലെ ഇസ്ലാമിക്ക് വിപ്ലവത്തോടെ തന്നെ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് ഇറാന്‍ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.അന്നു മുതല്‍ തന്നെ പ്രതിഷേധങ്ങളും തുടങ്ങിയെങ്കിലും ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ വിലക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.

ഹിജാബിന്റെ പരിശുദ്ധിയെക്കുറിച്ച് ഓർമിപ്പിക്കാന്‍ സർക്കാർ ജൂലൈ 12 ഹിജാബ് ദിനമായി ആചരിച്ചിരുന്നു. തെരുവിലിറങ്ങി പരസ്യമായി ഹീജാബ് ഊരിയാണ് സ്ത്രീകള്‍ ഈ തീരുമാനത്തോട് പ്രതിഷേധിച്ചത്. ഭരണകൂടം നിഷ്‌കര്‍ഷിച്ച വസ്ത്രധാരണരീതിക്ക് വിപരീതമായി പ്രവര്‍ത്തിച്ചതിന് ഇവരെ പിന്നീട് ശിക്ഷിക്കുകയും ചെയ്തു.

സ്ത്രീകളുടെ സ്വാതന്ത്ര്യം ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയാണ് ഇറാന്‍ ഭരണകൂടമെന്നാരോപിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ് .വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ തെരുവിലിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.

logo
The Fourth
www.thefourthnews.in