സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം; ഒരാളെകൂടി പരസ്യ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ വീണ്ടും പരസ്യ വധശിക്ഷ. 23 കാരനായ മജിദ്രേസ രഹ്നവാര്‍ഡ് എന്നയാളെയാണ് വധശിക്ഷയയ്ക്ക് വിധേയനാക്കിയത്. സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളെ കൊന്നുവെന്നാരോപിച്ചാണ് യുവാവിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്. മജിദ്രേസയുടെ വധശിക്ഷ തിങ്കളാഴ്ച പുലര്‍ച്ചെയോടെ നടപ്പാക്കിയതായി ജുഡീഷ്യറി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മജിദ്രേസയുടെ വധശിക്ഷ തിങ്കളാഴ്ച പുലര്‍ച്ചെയോടെ നടപ്പാക്കിയതായി ജുഡീഷ്യറി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അർദ്ധസൈനിക വിഭാഗമായ ബാസിജ് റെസിസ്റ്റൻസ് ഫോഴ്‌സിലെ രണ്ട് അംഗങ്ങളെ കുത്തിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് മജിദ്രേസയെ കോടതി ശിക്ഷിച്ചത്. രാജ്യത്തെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ബാസിജ് സേനയാണ് ഇറാനിലെ പ്രതിഷേധകരെ അടിച്ചമര്‍ത്തുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ "ദൈവത്തോടുള്ള ശത്രുത" എന്ന് നിരീക്ഷിച്ചായിരുന്നു ശിക്ഷാ വിധി. അറസ്റ്റിലായി 23 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ശിക്ഷ നടപ്പാക്കുന്നത്. ഗുസ്തി താരം കൂടിയാണ് കൊല്ലപ്പെട്ട മജിദ്രേസ.
ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പങ്കെടുത്തതിന്റെ പേരില്‍ 25 ലധികം പേരെ ഇതിനോടകം ഇറാന്‍ ഭരണകൂടം വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ മരണത്തിനു ശേഷം ഇറാനില്‍ പ്രതിഷേധം കനക്കുകയായിരുന്നു . 1979 മുതല്‍ ഇറാന്‍ ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രതിഷേധമായിരുന്നു കടന്നുപോയത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെപോലും ക്രൂരമായാണ് സുരക്ഷാ സേന നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിജാബ് പ്രക്ഷോഭത്തില്‍ ഇതുവരെ 200ലേറെ പേര്‍ മരിച്ചെന്നാണ് ഇറാന്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. 400ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് വിദേശ മാധ്യങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇറാന്‍ പുതിയ കണക്കുകമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ 300ലേറെ പേര്‍ ഇതുവരെ ഹിജാബ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടന്ന് ഇസ്ലാമിക് റെവല്യൂഷ്യനറി ഗാര്‍ഡ് തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ 448 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വയിലെ ഹ്യൂമണ്‍ റൈറ്റ്സ് ഗ്രൂപ്പ് കണക്കുകള്‍ പുറത്തുവിട്ടിരുന്നു.