ഹിജാബ് വിരുദ്ധ പ്രക്ഷോഭം; സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ചുകൊന്നു
ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ സെലിബ്രിറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ സുരക്ഷാ സേന അടിച്ചുകൊലപ്പെടുത്തി. ഇറാന്റെ ജാമി ഒലിവർ എന്നറിയപ്പെടുന്ന മെഹർഷാദ് ഷാഹിദിയെ റെവല്യൂഷണറി ഗാർഡ് ഫോഴ്സാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച തന്റെ 20-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഷാഹിദിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഷാഹിദിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് ഷാഹിദിയെ അറാക് നഗരത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെയാണ് മരണം. തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അതേസമയം ഹൃദയാഘാതം മൂലമാണ് ഷാഹിദി മരിച്ചതെന്ന് പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിന്റെ കുടുംബം ആരോപിച്ചു. എന്നാൽ ഇക്കാര്യം ഇറാൻ അധികൃതർ നിഷേധിച്ചു. മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളോ, കൈകാലുകൾ പൊട്ടിയതിന്റെയോ തലയോട്ടിയിൽ ക്ഷതമേറ്റതിന്റെയോ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഇറാൻ ചീഫ് ജസ്റ്റിസ് അബ്ദുൽമെഹ്ദി മൗസവി പറഞ്ഞു.
കുർദ് വംശജയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധമാണ് ഇറാനിൽ ഇപ്പോഴും തുടരുന്നത്. ഷാഹിദിന്റെ മരണത്തോടെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്തുന്ന സർക്കാർ നടപടികളുടെ ഭാഗമായി 250 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം 14,000 ത്തോളം പേർ തടവിലാക്കപ്പെട്ടിട്ടുണ്ട്. പ്രതിഷേധം 125ലധികം പ്രദേശങ്ങളെ ബാധിച്ചതായും പറയുന്നു.
അതേസമയം പ്രതിഷേധങ്ങളെ അമേരിക്കയുടെ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് ഇറാന്‍ അധികൃതർ ശ്രമിക്കുന്നത്.