പാകിസ്താനില്‍ ഇറാന്റെ വ്യോമാക്രമണം; രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു, ലക്ഷ്യമിട്ടത് തീവ്രവാദി കേന്ദ്രങ്ങളെ
പാകിസ്താനിൽ ഇറാന്റെ മിസൈൽ ആക്രമണം. ബലൂചി തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്താൻ അധികൃതർ അറിയിച്ചു. ഇറാന്റെ അർദ്ധസൈനിക വിഭാഗമായ എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ ഇറാഖിലും സിറിയയിലും മിസൈൽ ആക്രമങ്ങൾ നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
പാകിസ്താൻ അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്ക്ക് നേരെ നേരത്തെ ജയ്ഷ് അൽ അദൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാകിസ്താനിലെ കൗഹ്-സബ്സ് (പച്ച പർവ്വതം) പ്രദേശത്ത് ജയ്ഷ് അൽ-ദുൽം എന്നറിയപ്പെടുന്ന ജയ്ഷ് അൽ-അദ്ൽ തീവ്രവാദ ഗ്രൂപ്പിന്റെ രണ്ട് ശക്തികേന്ദ്രങ്ങൾ തകർത്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
യാതൊരു പ്രകോപനവുമില്ലാതെ വ്യോമാതിർത്തി ലംഘിച്ചതും പ്രദേശത്തിനുള്ളിൽ നടത്തിയ ആക്രമണവും പാക്കിസ്ഥാൻ ശക്തമായി അപലപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഗാസയിൽ ഇസ്രേയലിന്റെ ശക്തവും ക്രൂരവുമായ ആക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പുതിയ അക്രമണങ്ങൾ വിശാലമായ പ്രാദേശിക സംഘട്ടനത്തിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
“പാകിസ്താനും ഇറാനും തമ്മിൽ നിരവധി ആശയവിനിമയ മാർഗങ്ങൾ നിലവിലുണ്ടെങ്കിലും ഈ നിയമവിരുദ്ധ പ്രവൃത്തി നടന്നുവെന്നത് അതിലും ആശങ്കാജനകമാണ്,” പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാന്റെ വിദേശ കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാകിസ്താൻ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം പൂർണ്ണമായും ഇറാനായിരിക്കും എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമായും തെക്കുകിഴക്കൻ ഇറാനിൽ പ്രവർത്തിക്കുന്ന 2012 ൽ സ്ഥാപിതമായ വിഘടനവാദി തീവ്രവാദ ഗ്രൂപ്പാണ് ജയ്ഷ് അൽ-അദ്ൽ (ആർമി ഓഫ് ജസ്റ്റിസ്). സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യമാണ് സംഘത്തിന്റെ ലക്ഷ്യം. മുമ്പ് ഇറാനെതിരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.ഇറാൻ പ്രവിശ്യയായ സിസ്താനിലെയും ബലൂചിസ്ഥാനിലെയും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് 11 ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി കഴിഞ്ഞ മാസം ജെയ്‌ഷ് അൽ-അദ്‌ലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.