ഹിജാബ് വിരുദ്ധ പ്രക്ഷോഭം : ആദ്യ വധശിക്ഷ വിധിച്ച് ഇറാൻ കോടതി

ഹിജാബ് വിരുദ്ധ പ്രക്ഷോഭം : ആദ്യ വധശിക്ഷ വിധിച്ച് ഇറാൻ കോടതി

മറ്റു അഞ്ച് പേർക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്
Updated on
1 min read

മാസങ്ങളായി ഇറാനിൽ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയായ ഒരാൾക്ക് വധശിക്ഷ. സർക്കാർ സ്ഥാപനത്തിന് തീവെച്ച കേസിലാണ് ശിക്ഷ. എന്നാൽ ആർക്കെതിരെയാണ് വധശിക്ഷ വിധിച്ചതെന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടൊപ്പം മറ്റു അഞ്ച് പേർക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. 2 മാസമായി ഇറാനിൽ നടക്കുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 100 കണക്കിനാളുകൾക്കെതിരെ ഇതിനകം കുറ്റപത്രം നൽകിയിട്ടുണ്ട്.

ദൈവത്തിനെതിരായ യുദ്ധം, സർക്കാർ കേന്ദ്രത്തിന് തീയിടൽ , പൊതു ക്രമം തടസ്സപ്പെടുത്തുക, ദേശീയ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് വധശിക്ഷ ലഭിച്ചയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ദേശീയ സുരക്ഷ, പൊതു ക്രമസമാധാനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അഞ്ച് പേർക്ക് അഞ്ച് വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചത്. വിധി പ്രാഥമികമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 20 പേരെങ്കിലും വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ നേരിടുന്നുവെന്ന് നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് ഔദ്യോഗിക റിപ്പോർട്ടുകളെ ഉദ്ധരിച്ച് പറഞ്ഞു.

സെപ്റ്റംബറിൽ 22 കാരിയായ മഹ്‌സ അമിനി എന്ന പെൺകുട്ടിയെ ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മൊറാലിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി മരണപ്പെടുകയും ഇറാനിൽ മൊറാലിറ്റി പോലീസിന്റെ കടുത്ത നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

ഇത് രാജ്യത്തെ 120 നഗരങ്ങളിലേക്കും വ്യാപിക്കുകയും ഇസ്ലാമിക ഭരണകൂടത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു. 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടെ 326 പ്രതിഷേധക്കാർ സുരക്ഷാ സേനയുടെ അക്രമാസക്തമായ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടതായി ഇറാൻ മനുഷ്യാവകാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 15 ,800 പേരെ സുരക്ഷാസേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 39 സുരക്ഷ ഉദ്യോഗസ്ഥരും ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

അറസ്റ്റ് ഭീഷണിയും പ്രക്ഷോഭങ്ങളിൽ ഉൾപ്പെട്ടവർക്ക് കടുത്ത ശിക്ഷയും ഏർപ്പെടുത്തുന്നതിനിടയിലും ഇറാനിലെ സെലിബ്രറ്റികളും കായികതാരങ്ങളും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വരുന്നുണ്ട്.

logo
The Fourth
www.thefourthnews.in