ഇറാനിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്

ഇറാനിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്

ബുധനാഴ്‌ച മുതല്‍ സുരക്ഷാ സേന നടത്തുന്ന ആക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോര്‍ട്ട്
Updated on
1 min read

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ, പ്രതിഷേധക്കാര്‍ക്കുനേരെ വീണ്ടും വെടിവെപ്പ്. കുർദിഷ് നഗരമായ മഹാബാദിൽ ഇറാനിയൻ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ബുധനാഴ്‌ച മുതല്‍ സുരക്ഷാ സേന നടത്തുന്ന ആക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോര്‍ട്ട്. ഇറാഖ് അതിർത്തിയോട് ചേർന്നുകിടക്കുന്ന, രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന മഹാബാദ് നഗരത്തിന്റെ നിയന്ത്രണം പ്രതിഷേധക്കാർ ഏറ്റെടുത്തതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിലെ മോറല്‍ പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40-ാം ചരമദിനത്തില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. കൂടാതെ, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 16 വയസ്സുകാരി നിക ഷക്കരാമിയുടെ പടിഞ്ഞാറൻ ഇറാനിലെ ഖോറാമാബാദിലുള്ള ശവകൂടീരത്തിലും പ്രതിഷേധക്കാർ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കെതിരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഇസ്മായേലി മാലൂദി എന്ന 35 കാരനായ കുർദിഷ് യുവാവ് ബുധനാഴ്ച കൊല്ലപ്പെട്ടതോടെ പ്രതിഷേധം വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു.

വ്യാഴാഴ്ച മാലൂദിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം രോഷാകുലരായ ജനക്കൂട്ടം പ്രദേശത്തെ പോലീസ് സ്റ്റേഷനും ഗവർണറുടെ ഓഫീസും ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകൾ, ടാക്സ് ഓഫീസ്, സിവിൽ രജിസ്ട്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തതായും ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്
നാല്‍പ്പതാം ചരമദിനത്തില്‍ അമിനിയുടെ ശവകുടീരത്തില്‍ തടിച്ചുകൂടി ആയിരങ്ങള്‍; വെടിവെപ്പ്, അറസ്റ്റ്

അതേസമയം, ഇറാനിലെ നിലവിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ " ഭീകര- വിഘടനവാദ" സംഘങ്ങള്‍ ആണെന്നാണ് ഇറാൻ അധികൃതരുടെ വാദം. സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നത് ഇത്തരം ഭീകരവാദ സംഘടനകളാണ്. എന്നിരുന്നാലും നഗരത്തിലെ സ്ഥിഗതികൾ ശാന്തമാണെന്നും, ജനജീവിതം സാധാരണ നിലയിൽ ആണെന്നും അധികൃതരെ ഉദ്ധരിച്ച് സർക്കാർ അനുകൂല വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാൻ മൊറാലിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്‌സ അമിനി മൂന്ന് ദിവസങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. അമിനിയുടെ 40ാം ചരമദിനമായ ബുധനാഴ്ച വലിയ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു.

logo
The Fourth
www.thefourthnews.in