ഇസ്രയേലി ശതകോടീശ്വരൻ്റെ കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ; കപ്പലില്‍ മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാർ, നയതന്ത്ര ഇടപെൽ ആരംഭിച്ചു
സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടന്ന ആക്രണമണത്തിനു പിന്നാലെ ഇസ്രായേലിനെതിരെ പരോക്ഷ പോർമുഖം തുറന്ന് ഇറാൻ. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറുമായി ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു. കപ്പൽ ജീവനക്കാരിൽ രണ്ട് പേർ മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാരുമുണ്ട്. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര ഇടപെടൽ ഇന്ത്യന്‍ എംബസി ആരംഭിച്ചതായി ഷിപ്പിങ് കമ്പനി അറിയിച്ചിട്ടുണ്ട്.
പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി എരീസ് എന്ന കപ്പലാണ് ഇറാന്‍ നാവികസേനാ കമാന്‍ഡോകൾ ഹോര്‍മുസ് കടലിടുക്കിനു സമീപത്തുനിന്ന് പിടിച്ചെടുത്ത് തങ്ങളുടെ തീരത്തെത്തിച്ചത്. കമാൻഡോകൾ യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയ്ക്കു സമീപം ഹെലികോപ്റ്ററിലെത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്.
സെപാ നേവി പ്രത്യേകസംഘമാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് പുറത്ത് വിട്ടിട്ടുണ്ട്.
ലണ്ടന്‍ കേന്ദ്രീകൃതമായ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സി ഏരീസ്. കപ്പലിന്റെ അവസാന ലൊക്കേഷന്‍ ദുബൈയിലാണ് കാണിക്കുന്നത്. യുകെഎംടിഒയും മറ്റ് ഏജന്‍സികളും നല്‍കിയ വിവരങ്ങള്‍ അറിയാമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പൽ ഇറാന്‍ സേന പിടിച്ചെടുത്ത റിപ്പോർട്ട് ഇസ്രയേലും ശരിവച്ചിട്ടുണ്ട്. കപ്പൽ റാഞ്ചിയതിനുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ സേന വക്താവ് വ്യക്തമാക്കി.
സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നേടത്തിയ ആക്രമണത്തിന് ഇറാൻ 48 മണിക്കൂറിനുള്ളിൽ തിരിച്ചടി നൽകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണവിഭാഗം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈന്യത്തിന്റെ പ്രധാന കമാൻഡർമാരിൽ ഒരാളായിരുന്ന മുഹമ്മദ് റെസ സഹേരി ഉൾപ്പെടെ ഏഴു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം. തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിനെതിരെയുള്ള ആക്രമണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നാവിക സേനാ മേധാവി അലിറേസ ടാങ്‌സിരി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം പശ്ചിമേഷ്യയില്‍ ഉയര്‍ന്നു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്റെ വ്യോമമേഖല ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് ഇന്ന് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കാനായി കൂടുതല്‍ ദൂരം സഞ്ചരിച്ചതായാണ് ഫ്‌ളൈറ്റ് റഡാർ നൽകുന്ന വിവരം. ഇറാന്റെ വ്യോമമേഖല ഒഴിവാക്കാന്‍ ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയും ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയും തീരുമാനമെടുത്തിട്ടുണ്ട്.