പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ശതകോടീശ്വരന്റെ കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് സൂചന. പോര്‍ച്ചുഗീസ് പതാകയുണ്ടായിരുന്ന എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അമിര്‍ അബ്ദൊള്ളാഹിയാന്‍ പോര്‍ച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റാങ്കെലിനെ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'കപ്പലിലെ ജീവനക്കാരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നം ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. അതുകൊണ്ട് തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരെയും വിട്ടയക്കുമെന്നും അറിയിക്കുന്നു'', അബ്ദൊള്ളഹിയാന്‍ വ്യക്തമാക്കി. ജീവനക്കാരെ ഇറാനിലെ അംബാസഡര്‍മാര്‍ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എപ്പോഴാണ് കൈമാറുന്നതെന്ന് വ്യക്തമല്ല.
സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും കപ്പലിന് ഇസ്രയേലുമായി ബന്ധമുണ്ടെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം 17 അംഗ ഇന്ത്യന്‍ ജീവനക്കാരില്‍ ഏക മലയാളി യുവതി ആന്‍ ടെസ്സ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു. മറ്റുള്ളവരെ വിട്ടയക്കുന്നതില്‍ ചില സാങ്കേതികതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നേരത്തെ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഏപ്രില്‍ 13നാണ് എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പല്‍ ഇറാനിയന്‍ കമാന്‍ഡോകള്‍ പിടിച്ചെടുക്കുന്നത്. കേരളത്തില്‍ നിന്ന് ആന്‍ ടെസയെ കൂടാതെ സുമേഷ്, പി വി ദിനേശ്, ശ്യാംനാഥ് എന്നീ മൂന്ന് മലയാളികള്‍ കൂടിയുണ്ടായിരുന്നു. പോര്‍ച്ചുഗീസ് പതാകയുള്ള കപ്പല്‍ ഇറാന്‍ നാവികസേനാ കമാന്‍ഡോകള്‍ ഹോര്‍മുസ് കടലിടുക്കിനു സമീപത്തുനിന്ന് പിടിച്ചെടുത്താണ് തങ്ങളുടെ തീരത്തെത്തിച്ചത്.