തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലില്‍ വ്യോമാക്രമണം, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് നെതന്യാഹു; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ
സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിൽ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായും ഇതിൽ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇറാന്‍ 200 ഡ്രോണുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാഗരി അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും നിർവീര്യമാക്കാന്‍ സൈന്യത്തിന് സാധിച്ചതായും ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റതായും ഡാനിയേല്‍ കൂട്ടിച്ചേർത്തു. ഇതിനുപുറമെ ഒരു സൈനിക താവളത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഡാനിയല്‍ വ്യക്തമാക്കി. ഇറാഖ്-സിറിയ അതിർത്തിയില്‍ അമേരിക്കയുടേയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഡ്രോണുകള്‍ തകർത്തതായും റിപ്പോർട്ടുകളുണ്ട്. വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകള്‍ ജോർദാനും നിർവീര്യമാക്കി.
ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം. ആക്രമണം സംഭവിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിനു പുറമെ ജോർദാൻ, ഇറാഖ്, ലബനന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ വിമനത്താവളവും അടച്ചു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്റെ സുരക്ഷയ്ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്ക വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേർന്ന് ഇറാന്റെ ആക്രമണത്തെ അപലപിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു.
ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് ആക്രമണമെന്നാണ് ഇറാന്റെ നിലപാട്. ഡമാസ്കസിലെ എംബസിയിലുണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിരസിക്കാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഇസ്രയേല്‍ ഇത്തരത്തില്‍ മറ്റൊരു നീക്കം കൂടി നടത്തിയാല്‍ തിരിച്ചടി കൂടുതല്‍ ശക്തമായിരിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയോട് ഇടപെടല്‍ ഒഴിവാക്കാനും ഇറാന്‍ നിർദേശിച്ചു.
രാജ്യം ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറാവുകയായിരുന്നെന്നും ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്നും നെതന്യാഹു അറിയിച്ചു. "ഈ അടുത്ത വർഷങ്ങളിലായി, പ്രത്യേകിച്ചും പോയ വാരങ്ങളില്‍ ഇറാന്റെ ആക്രമണം ഏത് സമയവും സംഭവിക്കാമെന്ന പശ്ചാത്തലത്തില്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചു കഴിഞ്ഞു. ഇസ്രയേല്‍ ശക്തമാണ്. പ്രതിരോധ സേന ശക്തമാണ്. ഇസ്രയേല്‍ സമൂഹം ശക്തമാണ്,'' നെതന്യാഹു പറഞ്ഞു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയെ നെതന്യാഹു സ്വാഗതം ചെയ്തിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനും (ഇയു) ഐക്യരാഷ്ട്ര സഭയും (യുഎന്‍) ഇറാന്റെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം അംഗീകരിക്കാനാകില്ല, ശക്തമായി അപലപിക്കുന്നു. അപ്രതീക്ഷിതമായ നീക്കം മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്, ഇയു വിദേശ നയ തലവന്‍ ജോസപ് ബോറല്‍ പറഞ്ഞു.
മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി ലോകത്തിനില്ലെന്ന് യുഎന്‍ ജെനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്.