ശബ്ദത്തിന്റെ 15 ഇരട്ടി വേഗത; ഹൈപ്പർസോണിക് മിസൈൽ പരിചയപ്പെടുത്തി ഇറാന്‍
പുതിയ ഹൈപ്പർസോണിക് മിസൈൽ പരിചയപ്പെടുത്തി ഇറാന്‍. 'ഫത്താഹ്' എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തിന്റെ 15 ഇരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിവുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 1,400 കിലോമീറ്ററാണ് ഇതിന്റെ പരിധി. ഇറാന്റെ ഉന്നത സൈനിക മേധാവികളെല്ലാം സന്നിഹിതരായ വേദിയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയാണ് മിസൈല്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്.
ഹൈപ്പർസോണിക് മിസൈൽ രാജ്യത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുമെന്നും, മേഖലയില്‍ സമാധാനാന്തരീക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി
ഹൈപ്പർസോണിക് മിസൈൽ രാജ്യത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുമെന്നും, മേഖലയില്‍ സമാധാനാന്തരീക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി വ്യക്തമാക്കി. വേഗത കുറഞ്ഞ ബാലിസ്റ്റിക് മിസൈലുകളെപ്പോലെ, ഹൈപ്പർസോണിക് മിസൈലുകളിലും ആണവ പോർമുനകൾ ഘടിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പർസോണിക് മിസൈലുകൾ അന്തരീക്ഷത്തിൽ താഴ്ന്ന ഒരു പാതയിലൂടെ പറക്കാന്‍ സാധിക്കും. ഇത് ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാന്‍ സഹായകമാകും. എന്നാല്‍ ഇറാന്റെ ഈ പ്രഖ്യാപനത്തില്‍ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയെ ആശങ്ക പ്രകടിപ്പിച്ചു. പുതിയ പരീക്ഷണം ഇറാന്റെ പ്രതിരോധ രംഗത്ത് അത്രത്തോളം ഗുണകരമാവില്ലെന്നായിരുന്നു ഗ്രോസിയുടെ വാദം.
എയർ ഡിഫൻസ് ഷീൽഡുകളെ പ്രതിരോധിക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്ത പുതിയ പരീക്ഷണത്തെ തടയാൻ സാധിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇറാനറെ ഗാർഡ്‌സ് എയ്‌റോസ്‌പേസ് ചീഫ് ജനറൽ അമീറലി ഹാജിസാദെ പറഞ്ഞു,
ഇറാന്റെ മുഖ്യ എതിരാളിയായ ഇസ്രായേലിന് ശക്തമായ പ്രതിരോധ സംവിധാനമാണുള്ളത്. സബ്‌സോണിക്, സൂപ്പർസോണിക് മിസൈലുകളെ നേരിടാൻ ഒന്നിലധികം വ്യോമ പ്രതിരോധ കവചങ്ങളാണ് ഇസ്രയേലിനുള്ളത്. കഴിഞ്ഞ വർഷം ഉത്തരകൊറിയയുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ലോകത്തിലെ ഒന്നാം കിട രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനും പുതിയ പരീക്ഷണത്തിന് മുതിര്‍ന്നത്. കഴിഞ്ഞ നവംബറിലാണ് ഹൈപ്പർസോണിക് മിസൈല്‍ നിര്‍മിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.