ആയത്തൊള്ള അലി ഖോമേനിയെ 'ആക്ഷേപിച്ച്' കാര്‍ട്ടൂണ്‍; ഫ്രാന്‍സിന് മുന്നറിയിപ്പുമായി ഇറാന്‍

ആയത്തൊള്ള അലി ഖോമേനിയെ 'ആക്ഷേപിച്ച്' കാര്‍ട്ടൂണ്‍; ഫ്രാന്‍സിന് മുന്നറിയിപ്പുമായി ഇറാന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുസ്ലീം രാജ്യങ്ങളുടെ വിശുദ്ധിയെ അപമാനിക്കാന്‍ ഫ്രാന്‍സിന് അവകാശമില്ലെന്ന് ഇറാന്‍
Updated on
1 min read

ഫ്രഞ്ച് മാസികയായ ഷാർലി എബ്ദോയില്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനിയെ ആക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഫ്രാന്‍സിന് മുന്നറിയിപ്പുമായി ഇറാന്‍. ഫ്രാന്‍സിന്റെ ഇറാന്‍ പ്രതിനിധി നിക്കോളാസ് റോഷെയെ വിളിച്ചുവരുത്തിയാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റ് മുസ്ലീം രാജ്യങ്ങളുടെ വിശുദ്ധിയെ അപമാനിക്കാന്‍ ഫ്രാന്‍സിന് അവകാശമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ കനാനി അറിയിച്ചു. സംഭവത്തെ അപലപിച്ചുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ വിശദീകരണവും നടപടിയും കാക്കുകയാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.

മത, രാഷ്ട്രീയ അധികാരികള്‍ക്കെതിരെ കാര്‍ട്ടൂണുകള്‍ ചിത്രീകരിക്കുന്ന ഏറ്റവും മോശവും തെറ്റായതുമായ വഴിയാണ് ഫ്രാന്‍സ് തിരഞ്ഞെടുത്തിരിക്കുന്നത്.

ആക്ഷേപഹാസ്യ മാസികയായ ഷാർലി എബ്ദോയില്‍ ഖൊമേനിയുടെ നിരവധി കാര്‍ട്ടൂണുകളാണ് പ്രസിദ്ധീകരിച്ചത്. രാജ്യത്തിന്റെ പരമോന്നത നേതാവിനെ ആക്ഷേപിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍ എന്നാണ് ഇറാന്റെ വാദം. മത, രാഷ്ട്രീയ അധികാരികള്‍ക്കെതിരെ കാര്‍ട്ടൂണുകള്‍ ചിത്രീകരിക്കുന്ന ഏറ്റവും മോശവും തെറ്റായതുമായ വഴിയാണ് ഫ്രാന്‍സ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും അതിരുകള്‍ ലംഘിക്കാന്‍ അവരെ അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം, അലി ഖൊമേനിയെ വിഷയമാക്കി ഷാർലി എബ്ദോ ഏറ്റവും മികച്ച കാര്‍ട്ടൂണുകള്‍ക്കായി മത്സരം നടത്തിയിരുന്നു. സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവതി മരിച്ചതിന്റെ പേരില്‍ ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മത്സരമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അവസാന റൗണ്ടിലെത്തിയ മത്സരാര്‍ഥികളില്‍ ഒരാള്‍ രക്തത്തില്‍ മുങ്ങിയ തലപ്പാവ് ധരിച്ച ഒരു പുരോഹിതനെ തൂക്കിക്കൊല്ലുന്നതാണ് വരച്ചത്. മറ്റൊരാള്‍ പ്രതിഷേധക്കാരുടെ ഉയര്‍ത്തിയ മുഷ്ടികള്‍ക്ക് മുകളില്‍ വലിയ സിംഹാസനത്തില്‍ തൂങ്ങിക്കിടക്കുന്ന ഖൊമേനിയെയാണ് ചിത്രീകരിച്ചത്. അശ്ലീലവും ലൈംഗികതയും കൂടുതല്‍ പ്രകടമാകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും വരച്ചത്. 1979 മുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പിന്തുണ അറിയിക്കാനുള്ള മാര്‍ഗമെന്നാണ് ഷാർലി എബ്ദോയുടെ ഡയറക്ടര്‍ ലോറന്റ് സോറിസോ പിന്നീട് എഡിറ്റോറിയല്‍ എഴുതിയത്.

2015ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് മുസ്ലീം രാജ്യങ്ങള്‍ ഒന്നടങ്കം മാഗസിനെതിരെ രംഗത്തെത്തിയിരുന്നു

കാര്‍ട്ടൂണുകളുടെ പേരില്‍ ഷാർലി എബ്ദോ നേരത്തെയും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. 2015ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് മുസ്ലീം രാജ്യങ്ങള്‍ ഒന്നടങ്കം മാഗസിനെതിരെ രംഗത്തെത്തിയിരുന്നു. പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഫ്രാന്‍സില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in