'അയാൾ ഇനി ജീവച്ഛവം അല്ലാതെ വേറൊന്നുമല്ല'; സൽമാൻ റുഷ്ദിയുടെ അക്രമിക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ സംഘടന
നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് 1000 ചതുരശ്ര മീറ്റർ കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയൻ സംഘടന. റുഷ്ദിയുടെ ഒരു കണ്ണ് അന്ധമാക്കുകയും കൈ പ്രവർത്തനഹരിതമാക്കുകയും ചെയ്ത്, മുസ്ലീങ്ങളെ സന്തോഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ ധീരമായ പ്രവർത്തനത്തിന് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നുവെന്ന് സംഘടനാ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറേയ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന പരിപാടിയിലാണ് സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. 24കാരനായ ന്യൂജേഴ്‌സി സ്വദേശി ഹാദി മറ്റാറാണ് റുഷ്ദിയെ ആക്രമിച്ചത്. റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് ചാടിക്കയറിയ അക്രമി തുടരെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടമായിരുന്നു.
''റുഷ്ദിയുടെ ഒരു കണ്ണ് അന്ധമാക്കിയും ഒരു കൈ തളർത്തിയും മുസ്ലീങ്ങളെ സന്തോഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ ധീരമായ നടപടിക്ക് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു. അയാൾ ഇനി ജീവച്ഛവം അല്ലാതെ വേറൊന്നുമല്ല. ഈ ധീരമായ പ്രവർത്തനത്തിന് പാരിതോഷികമായി, 1,000 ചതുരശ്ര മീറ്റർ കൃഷിഭൂമി അയാൾക്കോ അയാളുടെ പ്രതിനിധികൾക്കോ നൽകും''- ഇറാനിയൻ സംഘടനാ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറേയ് പറഞ്ഞു.
1988ൽ "ദ സാത്താനിക് വേഴ്‌സ്" എന്ന പുസ്തകം പുറത്തിറയങ്ങിയതോടെ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നിരുന്നു. മതനിന്ദ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്താൻ തുടങ്ങി പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു. പല ഇടങ്ങളിലും പുസ്തകം കത്തിക്കുകയും ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു കഥാപാത്രമുണ്ടെന്നതിനാലാണ് പല മുസ്ലിം സംഘടനകളും പുസ്തകത്തെ മതനിന്ദയായി വ്യാഖ്യാനിച്ചത്. 1989-ൽ റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 3 മില്യണ്‍ ഡോളറായിരുന്നു (23.89 കോടി) പാരിതോഷികം പ്രഖ്യാപനം. പിന്നീട് മറ്റൊരു മതസംഘടന 3.3 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ പൊതു വേദികളില്‍ നിന്ന് അദേഹം പിന്‍മാറി. പിന്നീട് ഫത്വ പിന്‍വലിച്ചതോടെയാണ് പരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയത്. കനത്ത സുരക്ഷയിലായിരുന്നു സല്‍മാന്‍ റുഷ്ദിയുടെ പരിപാടികള്‍ നടത്തി വന്നിരുന്നത്.
സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറുമായി ഇറാന് ബന്ധമുണ്ടെന്നും ശക്തമായ ആരോപണങ്ങളുയർന്നിരുന്നു. എന്നാല്‍ ആക്രമണത്തിന് കാരണം റുഷ്ദിയും അനുയായികളും മാത്രമാണെന്നും ഇറാനെതിരെ ആരോപണം ഉന്നയിക്കാന്‍ ആർക്കും അവകാശം ഇല്ലെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.