പുതുവത്സരമാഘോഷിച്ച് അഴിക്കുള്ളിലായ ഇറാൻ ഫുട്ബോൾ താരങ്ങൾ
കിഴക്കന്‍ ടെഹ്‌റാനില്‍ പുതുവത്സര പാര്‍ട്ടിക്കിടെ നടന്ന റെയ്ഡില്‍ മുന്‍നിര ഫുട്‌ബോള്‍ താരങ്ങളെ ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇറാനിയന്‍ വിമത പത്രപ്രവര്‍ത്തകന്‍ കീവന്‍ സമീമിയുടെ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫുട്‌ബോള്‍ താരങ്ങളുടെ കസ്റ്റഡി വാര്‍ത്ത പുറത്ത് വരുന്നത്. ദേശീയ സുരക്ഷയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 ഡിസംബറില്‍ കീവന്‍ സമീമിയെ ജയിലിലടച്ചത്.
ടെഹ്‌റാനിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ക്ലബിലെ ഇപ്പോഴത്തെ കളിക്കാരും മുന്‍ താരങ്ങളും കഴിഞ്ഞ ദിവസം രാത്രിയാണ് ദമാവന്ത് സിറ്റിയില്‍ നടന്ന മിക്‌സ്ഡ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. അതിനിടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കളിക്കാരില്‍ ചിലര്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു, തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എത്രപേരെയാണ് തടവില്‍ വച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇറാനിയന്‍ നിയമപ്രകാരം വിവാഹത്തിന് മുമ്പ് സ്ത്രീ പുരുഷൻമാർ ഒത്തുകൂടുന്നതും മദ്യപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇറാനിയന്‍ നിയമം അമുസ്ലീങ്ങളെ മതപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ മദ്യം കഴിക്കാന്‍ അനുവദിക്കുന്നുള്ളു. എതിര്‍ലിംഗക്കാര്‍ക്കൊപ്പം നൃത്തം ചെയ്യാനും അനുവാദമില്ല. ഈ നിയമങ്ങള്‍ പാലിച്ചില്ലായെന്ന് ആരോപിച്ചാണ് പോലീസ് കളിക്കാരെ കസ്റ്റഡിയിലെടുത്തത്.
ഇറാന്‍ ഭരണകൂടത്തിൻ്റെ സാമൂഹിക നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ ജനരോഷം ഉയരുന്നതിനിടെയാണ് ഈ സംഭവം. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് ഡിസംബറില്‍ മഹ്‌സ അമിനിയെന്ന 22കാരിയെ ഇറാന്‍ മതപോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. മഹ്‌സ അമിനിയുടെ മരണം രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ പടരാന്‍ കാരണമായി. സെപ്തംബര്‍ 16ന് കസ്റ്റഡിയില്‍ മരിച്ചതിന് ശേഷം രാജ്യത്തുടനീളം വ്യാപിച്ച പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പഠിച്ചപണി പതിനെട്ടും നോക്കുകയാണ് ഇറാൻ ഭരണകൂടം. സുരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ആയിരങ്ങൾ അറസ്റ്റിലാവുകയും ചെയ്തു.
അതേസമയം 2020 ഡിസംബറില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട 73 കാരനായ പത്രപ്രവര്‍ത്തകന്‍ സമീമിയുടെ മോചനം ഇറാന്‍ മാധ്യമമായ ഷാര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 ഫെബ്രുവരിയില്‍ ആരോഗ്യ കാരണങ്ങളാല്‍ സമീമിയെ ജയിലില്‍ നിന്ന് താല്കാലികമായി വിട്ടയച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് മോചനം റദ്ദാക്കുകയായിരുന്നു. മഹ്‌സ അമിനിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തുയർന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് സമീമി ഡിസംബറില്‍ ജയിലില്‍ നിന്നും സന്ദേശം അയച്ചിരുന്നു. നഗരത്തില്‍ കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഭരണകൂടം സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഭരണകൂട വിരുദ്ധര്‍ക്കെതിരെ കടുത്ത നടപടികളാണ് അധികാരികള്‍ കൈക്കൊള്ളുന്നത്.