ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്, ദൃശ്യങ്ങള്‍ പുറത്ത്
ഇറാനിൽ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ ചെറുക്കാനായി ക്രൂര നടപടികളുമായി പോലീസ്. തലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്‌റ്റേഷനിൽ യാത്രക്കാര്‍ക്ക് നേരെ പോലീസ് വെടിവെക്കുന്നതിന്റെയും ശിരോവസ്ത്രം ധരിക്കാതെ പ്രതിഷേധിച്ച സ്ത്രീകളെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്.
തിരക്കുള്ള മെട്രോ സ്‌റ്റേഷനില്‍ സ്ത്രീകള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുന്നതും ആളുകള്‍ പുറത്തു കടക്കാനായി ഓടുന്നതുമായ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ അതിക്രൂരമായി പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെയാണ് പോലീസ് കടുത്തരീതിയില്‍ നേരിടുന്നത്.
സെപ്റ്റംബറിൽ 22 കാരിയായ മഹ്‌സ അമിനി എന്ന പെൺകുട്ടിയെ ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മൊറാലിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പെൺകുട്ടി മരിക്കുകയുമായിരുന്നു. ഇറാനിൽ മൊറാലിറ്റി പോലീസിന്റെ മര്‍ദനമാണ് പെണ്‍കുട്ടി കൊല്ലപ്പെടാന്‍ ഇടയായത് എന്ന ആരോപിച്ചാണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധങ്ങൾ രാജ്യത്തെ 120 നഗരങ്ങളിലേക്കും വ്യാപിക്കുകയും ഇസ്ലാമിക ഭരണകൂടത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു.
പ്രക്ഷോഭത്തെ സുരക്ഷാ സേന അക്രമാസക്തമായി അടിച്ചമർത്താന്‍ ആംഭിച്ചതോടെ ഇതുവരെ 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടെ 326 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ഇറാൻ മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 15 ,800 പേരെ സുരക്ഷാസേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 39 സുരക്ഷ ഉദ്യോഗസ്ഥരും ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനിലെ 'സദാചാര പോലീസി'നും ഭരണകൂടത്തിനുമെതിരെയുമാണ് ശക്തമായ പ്രതിഷേധം അണപൊട്ടിയത്. യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍നിന്ന് തുടങ്ങിയ പ്രതിഷേധമാണ് രാജ്യമാകെ പടർന്നത്. ടെഹ്‌റാനില്‍ 'സദാചാര പോലീസി'നെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി. മഹ്സയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍' ആണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. 'മര്‍ഡര്‍ പട്രോള്‍' എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ പ്രതിഷേധമുയര്‍ന്നത്. യുവതിയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടിരുന്നു.
ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതപരമായ വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് 'ഗൈഡന്‍സ് പട്രോളി'ന്റെ ചുമതല. സദാചാര പോലീസ്, ഫാഷന്‍ പോലീസ് തുടങ്ങിയ പേരുകളിലും ഈ പോലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ വാര്‍ത്തയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെയാണ് ഗൈഡന്‍സ് പട്രോള്‍ വിഭാഗം പ്രധാനമായും അറസ്റ്റ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുടെ വീഡിയോകളും നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇറാനിലെ ഇസ്ലാമിക വസ്ത്രധാരണ രീതി പിന്‍വലിക്കണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.