ഇറാനിലെ പ്രതിഷേധത്തെ പിന്തുണച്ച റാപ്പർക്ക് ആറുവർഷം തടവ്; വധശിക്ഷ ഒഴിവായതിന്റെ ആശ്വാസത്തിൽ ആരാധകർ
ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച പ്രശസ്ത ഇറാനിയൻ റാപ്പർ തൂമാജ് സലേഹിക്ക് ആറ് വർഷവും മൂന്ന് മാസവും തടവിശിക്ഷ. തൂമാജ് സലേഹിയുടെ അഭിഭാഷകനാണ് ശിക്ഷാ വിവരം അറിയിച്ചത്. ഇറാൻ ഭരണകൂടത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഏകാന്ത തടവിലായിരുന്ന സലേഹിയെ ജയിലിലെ പൊതു വിഭാഗത്തിലേക്ക് മാറ്റിയതായും അഭിഭാഷകൻ അറിയിച്ചു.
മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യ വ്യാപകമായുണ്ടായ പ്രതിഷേധത്തിന് തന്റെ ഗാനങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും സലേഹി പിന്തുണ അറിയിച്ചിരുന്നു
ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസിലെ മതകാര്യ വിഭാഗം കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിലാകെ ശക്തമായ പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങയത്. തന്റെ ഗാനങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും പ്രതിഷേധത്തിനാ് സലേഹി പിന്തുണ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ഇറാൻ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇസ്ലാമിക ധാർമ്മികതയ്ക്കെതിരായ കുറ്റമായിരുന്നു തൂമാജ് സലേഹിക്കെതിരെ ചുമത്തിയിരുന്നത്.
രാജ്യത്തെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ബാസിജ് സേനയാണ് ഇറാനിലെ പ്രതിഷേധകരെ അടിച്ചമര്‍ത്തുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 പേർക്കാണ് ഇറാനിലെ പരമോന്നത കോടതി വധശിക്ഷ വിധിച്ചത്. അവരില്‍ ഒരാളായ മഹാൻ സദ്രത്ത് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോടതി സ്വീകരിച്ചിരുന്നു. തുടർന്ന് തൂമാജ് സലേഹിയുടേത് ഉള്‍പ്പെടെ രണ്ടുപേരുടെ കേസിൽ പുനർവിചാരണ ആരംഭിച്ചു. വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ മതകാര്യ പോലീസ് സംവിധാനം ഇറാൻ നിർത്തലാക്കിയിരുന്നു.