വസ്ത്രധാരണം 'ഇസ്ലാമിക' രീതിയിലായില്ല, 
ഇറാനില്‍ യുവതിയെ പോലീസ് ആക്രമിച്ച് കൊലപ്പെടുത്തി

വസ്ത്രധാരണം 'ഇസ്ലാമിക' രീതിയിലായില്ല, ഇറാനില്‍ യുവതിയെ പോലീസ് ആക്രമിച്ച് കൊലപ്പെടുത്തി

മഹ്സയുടെ കുടുംബാംഗങ്ങളുടേയും മനുഷ്യാവകാശ സംഘടനകളുടേയും ആവശ്യത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Updated on
2 min read

ഇറാനില്‍ മതപരമായ നിയമങ്ങള്‍ പാലിക്കുന്നത് നിരീക്ഷിക്കുന്ന 'സദാചാര പോലീസ്' യൂണിറ്റ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു. ഹിജാബ് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന 22കാരിയാണ് മരിച്ചത്. സ്റ്റേറ്റ് ടെലിവിഷനാണ് മഹ്സയുടെ മരണ വിവരം പുറത്തുവിട്ടത്. തലയ്ക്ക് അടിയേറ്റതാണ് മഹ്സയുടെ മരണത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ടെഹ്റാനില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഭരണവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജനകീയ പ്രതിഷേധം ശക്തമാകുന്നത്. മഹ്സയുടെ കുടുംബാംഗങ്ങളുടേയും മനുഷ്യാവകാശ സംഘടനകളുടേയും ആവശ്യത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ മഹ്സയ്ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്ന് ദൃക്സാക്ഷികള്‍

ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയതായിരുന്നു മഹ്സ. കുടുംബത്തോടൊപ്പം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് യാഥാസ്ഥിതിക 'സദാചാര പോലീസ്' മഹ്സയെ കസ്റ്റഡിയിലെടുത്തത്. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ മഹ്സയ്ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിയമം പാലിക്കാത്ത സ്ത്രീകളെ എത്തിക്കുന്ന കേന്ദ്രത്തില്‍ വച്ച് മഹ്സ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളും വ്യക്തമാക്കി. മഹ്സ വീഴുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.

കോമ അവസ്ഥയിലാണ് മഹ്സയെ എത്തിച്ചതെന്ന് ടെഹ്റാനിലെ കസ്ര ആശുപത്രി അധികൃതര്‍ പറയുന്നു. പോലീസ് കൊണ്ടുപോയതിന് ശേഷം എന്താണ് മഹ്സയ്ക്ക് സംഭവിച്ചതെന്ന് അറിയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അറസ്റ്റിന് മുന്‍പ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും മഹ്‌സയെ അലട്ടിയിരുന്നില്ലെന്ന് അവരുടെ കുടുംബം പറയുന്നു.

തലയില്‍ ബാന്‍ഡേജുകളും, ബ്രീത്തിങ് ട്യൂബുകളുമായി ആശുപത്രിയില്‍ കിടക്കുന്ന മഹ്‌സയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആശുപത്രിക്ക് മുന്നിലും ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്.

രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമടക്കം നിരവധിപേരാണ് മഹ്സയുടെ മരണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കസ്റ്റഡി പീഡനം ഉള്‍പ്പെടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും ഇതേ ആവശ്യം മുന്നോട്ട് വച്ചു. വിഷയത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ഇടപെടണമെന്ന ആവശ്യവുമായി ഇറാനിലെ രാഷ്ട്രീയ നേതാവ് മഹ്‌മൂദ് സദേഹി രംഗത്തെത്തി.

കസ്റ്റഡി പീഡനം ഉള്‍പ്പെടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍

ജൂലൈ 12ന് ദേശീയ ഹിജാബ് ദിനമായി പ്രഖ്യാപിച്ചതിന് ശേഷം നിരവധി സ്ത്രീകളാണ് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലായത്. ആഗസ്റ്റ് 15നാണ് സ്ത്രീകളുടെ വസ്ത്രധാരണം കര്‍ശനമായി നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഒപ്പുവെച്ചത്. പൊതുസ്ഥലത്തും, സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ നിയമം കര്‍ശനമാക്കി കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്തു.

ഇറാനിലെ 'ഔദ്യോഗിക സദാചാര പോലീസി'നെതിരെ വലിയ വിമര്‍ശനങ്ങളാണുയരുന്നത്. നിരവധി പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നു. ജൂലൈയില്‍ ഹിജാബ് ധരിക്കാത്തതിന് എഴുത്തുകാരിയായ സെപിദെ രഷ്‌നോയെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചിരുന്നു. ടെലിവിഷനിലൂടെ പൊതുക്ഷമാപണം നടത്തിയതിന് ശേഷമാണ് അവരെ വിട്ടയച്ചത്.

അടുത്ത മാസം നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയില്‍ പങ്കെടുക്കുന്ന ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി രാജ്യത്തെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കേണ്ടി വരും.

logo
The Fourth
www.thefourthnews.in