വീണ്ടും വധശിക്ഷ നടപ്പാക്കാന്‍ ഇറാൻ; കരാജിലെ ജയിലിന് മുന്നിൽ പ്രതിഷേധം

വീണ്ടും വധശിക്ഷ നടപ്പാക്കാന്‍ ഇറാൻ; കരാജിലെ ജയിലിന് മുന്നിൽ പ്രതിഷേധം

മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചതായി സ്ഥിരീകരണം; ശിക്ഷ എപ്പോള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല
Updated on
1 min read

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടം കൂടുതൽ വധശിക്ഷകൾ നടപ്പാക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ നടപ്പാക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധിപേരാണ് പ്രതിഷേധവുമായി കരാജിലെ ജയിലിന് മുന്നില്‍ അണിനിരന്നത്. 22കാരനായ മുഹമ്മദ് ഗൊബാദ്‌ലൂവിനെയും 19കാരനായ മുഹമ്മദ് ബൊറൂഖാനിയെയും തൂക്കിലേറ്റാന്‍ ഇറാന്‍ ഭരണകൂടം നീക്കം നടത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിന്റെയും മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാക്കളുടെ കുടുംബങ്ങളും പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാസേനയ്ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റി ഒരാളെ കൊലപ്പെടുത്തിയെന്നാണ് ഗൊബാദ്‌ലൂവിനെതിരായ കുറ്റം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തിരുന്നില്ല. സുരക്ഷാ സേനയിലെ ഒരു അംഗത്തെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് "ദൈവത്തിനെതിരെ യുദ്ധം ചെയ്യുക" എന്ന കുറ്റമാണ് ബൊറൂഖാനിക്കെതിരെ ചുമത്തിയിരിക്കുന്നത് . ഇരുവരുടേയും ശിക്ഷ സുപ്രീംകോടതി ശരിവെച്ചതിനാല്‍ ഏകാന്ത തടവിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ശിക്ഷ എപ്പോഴാണ് നടപ്പാക്കുക എന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.

സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞയാഴ്ച രണ്ടുപേരെ ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. മുഹമ്മദ് മഹ്ദി കറാമിയുടെയും സെയ്ദ് മുഹമ്മദ് ഹുസൈനിയുടേയും വധശിക്ഷയാണ് നടപ്പാക്കിയത്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിന് ശേഷം നാലാമത്തെ വധ ശിക്ഷയാണ് ഇറാന്‍ കഴിഞ്ഞയാഴ്ച നടപ്പാക്കിയത്. മൂന്നുപേർക്ക് കൂടി വധശിക്ഷ വിധിച്ചതായി ഇറാനിയൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇറാനിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവരുന്നത്. ആംനസ്റ്റി ഇന്റർനാഷണൽ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവര്‍ വധശിക്ഷയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇറാനിൽ തന്നെ വധശിക്ഷകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.

മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎയുടെ കണക്കുകൾ പ്രകാരം 517 പ്രതിഷേധക്കാരാണ് ഇറാനിലെ പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. 68 സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനെല്ലാം പുറമെ 19,262 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും കണക്കുകളുണ്ട്.

logo
The Fourth
www.thefourthnews.in