ഇറാൻ ഹോർമുസ് ഉപരോധിക്കുമോ? ഇന്ത്യയിലുൾപ്പെടെ ഇന്ധന വില കുതിച്ചുയരാൻ സാധ്യത

ഇറാൻ ഹോർമുസ് ഉപരോധിക്കുമോ? ഇന്ത്യയിലുൾപ്പെടെ ഇന്ധന വില കുതിച്ചുയരാൻ സാധ്യത

ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും സൗദി അറേബിയയിൽ നിന്നും, ഇറാഖിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്
Updated on
2 min read

ഇസ്രയേൽ-ഇറാൻ തർക്കത്തിൽ ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 90 ഡോളറിനടുത്തേക്കെത്തുന്നു. ഇസ്രയേൽ തിരിച്ചടിച്ചതോടെയാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അടുത്ത ഘട്ടമായി ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയാണെങ്കിൽ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) മുൾപ്പെടെയുള്ള പെട്രോളിയം വസ്തുക്കളുടെ വില ഇനിയും വർധിക്കും. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും സൗദി അറേബ്യയിൽ നിന്നും, ഇറാഖിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ കടുത്ത വിലവർധനവിലേക്ക് കാര്യങ്ങളെത്തും.

ഹോർമുസ് കടലിടുക്ക്

ഒമാനും ഇറാനുമിടയിലുള്ള വളരെ നേരിയ കടലിടുക്കാണ് ഹോർമുസ് കടലിടുക്ക്. ഏറ്റവും വീതി കുറഞ്ഞ ഭാഗങ്ങളിൽ അതിന് കേവലം 40 കിലോമീറ്റർ വീതി മാത്രമാണുള്ളത്. അതിനുള്ളിൽ കപ്പലുകൾക്ക് കടന്നുപോകാൻ രണ്ടുകിലോമീറ്റർ വീതിയുള്ള രണ്ട് ചാനലുകളാണുള്ളത്. സൗദി അറേബ്യ ദിനംപ്രതി 6.3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് ഇതിലെ കയറ്റുമതി ചെയ്യുന്നത്. യുഎഇ, കുവൈത്ത്, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളും ദശലക്ഷക്കണക്കിന് ക്രൂഡ് ഓയിൽ ഇതിലെ വ്യാപാരം ചെയ്യുന്നുണ്ട്.

ഇതിലെ ഒരു ദിവസം കടന്നുപോകുന്നത് 21 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ്. 2022ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കച്ചവടം ചെയ്യപ്പെടുന്ന ക്രൂഡ് ഓയിലിന്റെ 21 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

ഇറാൻ ഹോർമുസ് ഉപരോധിക്കുമോ? ഇന്ത്യയിലുൾപ്പെടെ ഇന്ധന വില കുതിച്ചുയരാൻ സാധ്യത
ഇസ്രയേൽ തിരിച്ചടിച്ചു; ആഗോള വിപണിയിൽ എണ്ണവില ഉയർന്നു

കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും ഇസ്രയേലിനുമിടയിൽ നടന്ന കാര്യങ്ങളാണ് സ്ഥിതി വഷളാക്കിയത്. ഏപ്രിൽ 13ന് ഇറാൻ ഇസ്രയേലിനെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചു. അതിനു ശേഷം കഴിഞ്ഞ ദിവസം ഇറാനിയൻ എയർ ബേസ് ലക്ഷ്യമിട്ട് ഇസ്രയേൽ പ്രത്യാക്രമണം നടത്തി. സിറിയയിലെ തങ്ങളുടെ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി എന്ന രീതിയിലാണ് ഇറാൻ ആദ്യം അക്രമിക്കുന്നത്.

മറ്റുവഴികളുണ്ടോ?

ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ മറ്റു വഴികളുണ്ടെങ്കിലും എൽഎൻജിയുടെ ഗതാഗതം പൂർണ്ണമായും ഈ വഴിയിലൂടെയായതിനാൽ അതിനെ കാര്യമായിതന്നെ ബാധിക്കും. എണ്ണയുമായി കപ്പലുകൾക്ക് ചെങ്കടലിലൂടെയും കടന്നുപോകാൻ സാധിക്കും. സൗദി അറേബ്യയിൽ നിന്നും, ഇറാഖിൽ നിന്നും, യുഎഇയിൽ നിന്നുമുള്ള ക്രൂഡ് ഓയിലിനെയും എൽഎൻജിയെയും വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്ക് ഉപരോധിക്കപ്പെടുകയാണെങ്കിൽ അത് ഇന്ത്യയെ വളരെ മോശമായി ബാധിക്കും.

മറ്റു വഴികൾ ഉണ്ടെങ്കിൽ പോലും ആ വഴികളിലൂടെ 7-8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മാത്രമേ ഒരു ദിവസം കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഇപ്പോൾ ഹോർമുസിലൂടെ ഒരുദിവസം കടന്നുപോകുന്ന 21 ദശലക്ഷം ബാരൽ എണ്ണയുടെ കണക്കുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ അത് വളരെ കുറവാണ്.

ഇറാൻ ഹോർമുസ് ഉപരോധിക്കുമോ? ഇന്ത്യയിലുൾപ്പെടെ ഇന്ധന വില കുതിച്ചുയരാൻ സാധ്യത
കൊമ്പുകോര്‍ത്ത് ഇസ്രയേലും ഇറാനും; ഇന്ത്യയ്ക്ക് മുന്നിലുള്ള ആശങ്കയെന്ത്?

സൗദിക്കും യുഎഇക്കും മറ്റു മാർഗങ്ങളുണ്ട്. കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ ആണ് അതിൽ ഒന്ന്. ആ വഴി ഒരു ദിവസം 7 ദശലക്ഷം ബാരൽ എണ്ണ കടന്നു പോകും. ഈ വഴി സൗദി അറേബ്യക്ക് ചെങ്കടലിലേക്കെത്താൻ സാധിക്കും. നേരത്തെ ഹൂതികളുടെ ആക്രമണത്തിൽ ചെങ്കടലിൽ ചരക്കുനീക്കം മുടങ്ങിയിരുന്നു. യുഎഇക്ക് ഫുജൈറ എക്സ്പോർട്ട് ടെർമിനൽ വഴി ദിനംപ്രതി 1.5 ദശലക്ഷം ബാരൽ ക്രൂഡോയിൽ കയറ്റുമതി സാധിക്കും. ഇതിന്റെ 30-40 ശതമാനം ഇപ്പോൾ തന്നെ യുഎഇ ഉപയോഗിക്കുന്നുണ്ട്. നിലനിൽക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിതന്നെയാണ്, എന്നാൽ ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 30 ശതമാനം റഷ്യയാണ് നൽകുന്നത് എന്ന ആശ്വാസം ഒരുഭാഗത്തുണ്ട്.

എണ്ണവില വർധിച്ചു കഴിഞ്ഞാൽ അതുണ്ടാക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വിലവർധനവായിരിക്കും. ഉൽപ്പാദനത്തിന്റെയും അത് വ്യത്യസ്ത സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള ഗതാഗത ചിലവും കണക്കുകൂട്ടിയാൽ ഭക്ഷണപദാർഥങ്ങളുൾപ്പെടെയുള്ള സാധനങ്ങൾക്ക് വലിയതോതിൽ വിലവർധിക്കാനുള്ള സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in