കവചം തീര്‍ത്തതിലും വന്‍പിഴവ്, ട്രംപ് രക്ഷപെട്ടത് മില്ലി സെക്കന്‍ഡ് വ്യത്യാസത്തിൽ; സുരക്ഷാ ഏജൻസിക്ക് സംഭവിച്ചത് വൻ വീഴ്ച
അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപ് വെടിവെപ്പില്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിലെ വൻ സുരക്ഷവീഴ്ച വലിയ ചർച്ചയാവുകയാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ചയാണ് സംഭവത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണമായി ട്രംപിനേക്കാള്‍ ഇരട്ടിയലിധകം ഭീഷണി നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പ്രത്യേക സുരക്ഷാ ഗ്രൂപ്പായ എസ്പിജി 180 ഡിഗ്രി സമ്പര്‍ക്ക ഏരിയ തയാറാക്കുമ്പോള്‍ സീക്രട്ട് സർവീസ് ഏജൻസി ട്രംപിനായി ഒരുക്കുന്നത് 360 ഡിഗ്രി സമ്പര്‍ക്ക ഏരിയയാണ്.
50 മുതല്‍ 100 വരെ മീറ്റര്‍ അകലെയായിരിക്കും വേദിയിലിരിക്കുന്ന മോദിയും പരിപാടികളിലെ ആളുകളും തമ്മിലുള്ള ദൂരം. മാത്രവുമല്ല, 200 സ്ക്വയര്‍ മീറ്ററോളം എസ്പിജിയുടെ കടുത്ത നിയന്ത്രണത്തിലുമാകും എന്നാല്‍ ബട്‌ലര്‍ റാലിയിലെ വേദിയില്‍ നിന്നും 120 യാര്‍ഡ്‌സ് അകലെ നിന്നുമാണ് തോമസ് മാത്യു ക്രൂക്ക്‌സ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത്. മില്ലി സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ട്രംപ് തല തിരിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിനിടയാകുമായിരുന്നു.
വെടിവെപ്പിന്റെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വിവിഐപികളുടെ ഭാഗത്ത് സംരക്ഷണ കവചങ്ങള്‍ കാണുന്നുണ്ട്. മാത്രവുമല്ല, അക്രമി വെടിയുതിര്‍ത്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ട്രംപിന് മുന്നില്‍ സംരക്ഷിത കവചമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ക്രൂക്ക്സിനെ സുരക്ഷാ സേനയിലെ സ്നൈപറുകൾ വധിക്കുന്നത് വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് പ്രതിരോധ വലയത്തിലേക്ക് ട്രംപിനെ മാറ്റിയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിവെപ്പില്‍ നിന്നും രക്ഷനേടാനുള്ള ബുള്ളറ്റ് ഷീല്‍ഡുകളോ മറ്റ് സംരക്ഷണമോ ഇല്ലായിരുന്നു. ക്രൂക്ക്സ് ഉപയോഗിച്ച എആര്‍-15 റൈഫിളിന്റെ ദൂരം 400 മീറ്ററുമാണ്.
''വധശ്രമത്തെ കൈകാര്യം ചെയ്ത അമേരിക്കന്‍ സീക്രട്ട് സർവീസ് ഏജൻസിക്ക് ഞാന്‍ പത്തില്‍ ആറ് മാര്‍ക്ക് മാത്രമേ നല്‍കുകയുള്ളു. പ്രവേശന നിയന്ത്രണത്തില്‍ വീഴ്ച പറ്റി. മാത്രവുമല്ല, വാഹനത്തിലേക്ക് പ്രവേശിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ തലയ്ക്ക് സംരക്ഷണം നല്‍കിയിട്ടില്ല. അക്രമികളുടെ ഒരു കൂട്ടം ഉണ്ടായിരുന്നെങ്കില്‍ കൊലയാളിക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമായിരുന്നു,'' മുതിര്‍ന്ന ഇന്ത്യന്‍ സുരക്ഷാ വിദഗ്ദന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ട്രംപിനെ പുറത്തേക്കിറക്കാന്‍ സാധിച്ചെങ്കിലും അവര്‍ പരിഭ്രാന്തരാകുന്നതും വീഡിയോയില്‍ കാണാം. ട്രംപിന്റെ പിന്നില്‍ നിന്നും ഉയരം കൂടിയ ഉദ്യോഗസ്ഥര്‍ കവചം തീര്‍ത്തെങ്കിലും ട്രംപിന്റെ മുന്നില്‍ പൊക്കം കുറഞ്ഞ ഉദ്യോഗസ്ഥയാണ് കവചമായി നിന്നത്. ട്രംപിന്റെ തല പൂര്‍ണമായും മറയ്ക്കാന്‍ സാധിച്ചില്ല.
അതേസമയം, ട്രംപിനെ വെടിവെച്ച തോമസ് മാത്യൂവിന് ഇരുപത് വയസാണ് പ്രായം. വധശ്രമത്തിന് പിന്നിലെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ മാത്രമാണോ കൃത്യം ആസൂത്രണം ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് എഫ്ബിഐ പറയുന്നത്. ഇയാളുടെ പശ്ചാത്തലങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, താന്‍ ട്രംപിനും റിപ്പബ്ലിക്കന്‍സിനും എതിരാണെന്ന് പ്രഖ്യാപിക്കുന്ന തോമസ് മാത്യുവിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 6.45-ന് ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകള്‍ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്ത് എന്നാണ് വിവരം.
അതേസമയം, ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപുമായി ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. പെന്‍സില്‍വാനിയ ഗവര്‍ണറുമായും ബൈഡന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഞായറാഴ്ച രാവിലെ വൈറ്റ് ഹൗസില്‍ എത്തുന്ന ബൈഡനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപിന് എതിരായ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.