മോൾഡോവന്‍ പ്രസിഡന്റ് മായ സന്ധു
മോൾഡോവന്‍ പ്രസിഡന്റ് മായ സന്ധു

റഷ്യയുടെ അടുത്ത ലക്ഷ്യം മോൾഡോവയോ? എന്താണ് നിലവിലെ പ്രതിസന്ധി?

മോൾഡോവയെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്
Updated on
2 min read

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ഒരു വർഷം തികയുമ്പോള്‍, യൂറോപ്പിലെ ചെറു രാജ്യമായ മോൾഡോവയിലേക്കാണ് ശ്രദ്ധ തിരിയുന്നത്. യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രമായ മോൾഡോവയെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. മോൾഡോവയിലെ സർക്കാർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റഷ്യൻ അധിനിവേശം സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധേയമായത്.

മോൾഡോവയിലെ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുക്കാനുള്ള റഷ്യയുടെ പദ്ധതി തന്റെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കി കഴിഞ്ഞ ആഴ്ച വ്യക്തമാക്കി

മോൾഡോവയിൽ നിന്ന് വേർപിരിഞ്ഞ മേഖലയായ ട്രാന്‍സ്‌നിസ്ട്രിയയെ ആക്രമിക്കാനുള്ള നീക്കത്തിലാണ് യുക്രെയ്നെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. ട്രാന്‍സ്‌നിസ്ട്രിയയുടെ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈന്യം യുക്രെയ്നെതിരെ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കമെന്നാണ് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. എന്നാല്‍, ഇതിനെതിരെ പ്രതികരണവുമായി മോൾഡോവന്‍ പ്രസിഡന്റ് മായ സന്ധു രംഗത്തെത്തി. രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാനാണ് റഷ്യയുടെ ശ്രമമെന്നും മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍, യുഎസ് ഉദ്യോഗസ്ഥരുമായും ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നും മായ സന്ധു വ്യക്തമാക്കി. ബുധനാഴ്ച വാര്‍സോയില്‍ വച്ച് സന്ധു യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണുകയും അമേരിക്ക മോള്‍ഡോവക്ക് പിന്തുണ വാഗ്ദാനം ചെയ്തതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോൾഡോവയിലെ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുക്കാനുള്ള റഷ്യയുടെ പദ്ധതി തന്റെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കി കഴിഞ്ഞ ആഴ്ച ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചതായി സന്ധു വ്യക്തമാക്കി. യുക്രെയ്നെയും മോള്‍ഡോവയെയും ഭിന്നിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്നും ട്രാന്‍സ്നിസ്ട്രിയയിലെ വിഘടനവാദ ഗ്രൂപ്പുകളെ ഇതിനായി ഉപയോഗിക്കുന്നുവെന്നും വിശകലന വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

മോൾഡോവയിൽ എന്താണ് സംഭവിക്കുന്നത് ?

റഷ്യ, ബെലാറസ്, മോണ്ടിനെഗ്രോ, സെർബിയ എന്നിവിടങ്ങളിലെ പൗരന്മാർ മോൾഡോവയിൽ പ്രവേശിച്ച് സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായി മോൾഡോവന്‍ പ്രസിഡന്റ് മായ സന്ധു ആരോപിച്ചിരുന്നു. നിയമാനുസൃത സർക്കാരിനെ താഴെയിറക്കാനും റഷ്യയുടെ നിയന്ത്രണത്തിലുള്ള സർക്കാരിനെ കൊണ്ടുവരാനുമാണ് അവരുടെ ശ്രമമെന്നാണ് സന്ധുവിന്റെ വാദം. ഇങ്ങനെ വന്നാൽ, യുക്രെയ്നെതിരായ യുദ്ധത്തിൽ മോൾഡോവയെ ഉപയോഗിക്കാനുള്ള ശ്രമമാണ് റഷ്യയുടേതെന്നും അവർ തുറന്നടിച്ചു. എന്നാൽ, ഉടൻ തന്നെ ആരോപണങ്ങൾ നിരസിച്ച് റഷ്യ രംഗത്തെത്തി. പിന്നാലെ, മോണ്ടിനെഗ്രോയും, സെർബിയയും മോൾഡോവ സർക്കാരിനോട് കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ബെലാറസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

മോൾഡോവന്‍ പ്രസിഡന്റ് മായ സന്ധു
സമാധാന ചര്‍ച്ച പുനരാരംഭിക്കണം, ആണവായുധങ്ങള്‍ ഉപയോഗിക്കരുത്; യുക്രെയ്ന്‍ യുദ്ധ വാര്‍ഷികത്തില്‍ ചൈന

മോൾഡോവയെ ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ട് ?

യുക്രെയ്നിലുണ്ടായ യുദ്ധം മോള്‍ഡോവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുദ്ധത്തിനിടയിൽ മാസങ്ങളോളം രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയും പണപ്പെരുപ്പവും രാജ്യത്തെ പിടിച്ചു കുലുക്കിയിരുന്നു. ഇതിനുപിന്നാലെ, റഷ്യയുടെ ഇന്ധന വിതരണത്തെ ആശ്രയിച്ചിരുന്ന മോൾഡോവ, വിരുദ്ധ നിലപാട് സ്വീകരിച്ചത് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി. യുക്രെയ്ന്‍ അതിർത്തിയിലൂടെ മോൾഡോവയിലേക്ക് എത്തുന്ന അഭയാർഥികളുടെ ഒഴുക്ക് രാജ്യത്തെ 2.6 ദശലക്ഷം ജനസംഖ്യയുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ കുറിച്ച് പ്രസിഡന്റ് സന്ധു പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണ റഷ്യയ്‌ക്കെതിരെ ശബ്ദമുയർത്താൻ മോൾഡോവയെ സഹായിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

മോൾഡോവന്‍ പ്രസിഡന്റ് മായ സന്ധു
യുദ്ധം തകർത്ത യുക്രെയ്ൻ, വേദനയുടെ ചിത്രങ്ങള്‍

റഷ്യയുടെ അടുത്ത ലക്ഷ്യം മോൾഡോവയാകുമോ?

പാശ്ചാത്യ രാജ്യങ്ങളുമായുള്ള മോൾഡോവയുടെ ബന്ധം ശക്തിപ്പെടുത്തുന്നത് റഷ്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ, രാജ്യത്ത് ഒരു പൂർണമായ അധിനിവേശത്തിനുള്ള സാധ്യതയില്ല. എന്നിരുന്നാലും, യുക്രെയ്നിലെ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിന് റഷ്യൻ ചാരന്മാർക്ക് ട്രാൻസ്നിസ്ട്രിയയെ ഒരു ഔട്ട്‌പോസ്‌റ്റായി ഉപയോഗിക്കാം. ഇതിനിടയിൽ, മോൾഡോവയിലെ റഷ്യൻ ഇടപെടൽ യുക്രെയ്ന്‍ സേനയുടെ ശ്രദ്ധ തിരിക്കുന്നതിനായുള്ള തന്ത്രമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in