തോഷ്ഖാന കേസ് : ഇമ്രാൻ ഖാനെതിരായ കുറ്റം നിലനിൽക്കില്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി
പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെയുള്ള തോഷ്ഖാന കേസ് നിലനിൽക്കില്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ ചെയ്ത ക്രിമിനൽ കേസ് നിലനിൽക്കുന്നതാണെന്ന വിചാരണ കോടതിയുടെ വിധിക്കെതിരെ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖാണ് വിധി പ്രഖ്യാപിച്ചത്. തോഷ്ഖാന കേസിൽ നിന്ന് ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തിൽ വീണ്ടും വാദം കേൾക്കാനും വിധി പുനഃപരിശോധിക്കാനും വിചാരണകോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു. "തോഷ്ഖാന കേസിൽ പിടിഐ ചെയർമാന്റെ ഹർജിയിൽ വിചാരണ കോടതി 7 ദിവസത്തിനകം തീർപ്പുണ്ടാക്കണം,"ഹൈക്കോടതി വിധിയിൽ പറയുന്നു. മെയ് 10 ന് അഡീഷണൽ സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ ആണ് ഇമ്രാൻ ഖാനെതിരെ തോഷ്ഖാന കേസിൽ കുറ്റം ചുമത്തിയത്. തുടർന്ന് ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജൂൺ 23 ന് വിധി പറയാനായി മാറ്റുകയായിരുന്നു.
തോഷ്ഖാന കേസിൽ ഇമ്രാൻ ഖാനെതിരെ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നതാണ് കേസ്. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷ്ഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്ത് വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം.
അതേസമയം രാജ്യത്തെ അഴിമതി വിരുദ്ധ സമിതിക്ക് കൂടുതൽ തടങ്കൽ അധികാരം നൽകി പാകിസ്താൻ, പ്രസിഡൻഷ്യൽ ഓർഡിനൻസ് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഴിമതി വിരുദ്ധ സംഘടനയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് (NAB) അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പ്രതികളെ 30 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാനുമുള്ള അധികാരം നൽകുന്നതാണ് നിയമപരമായ മാറ്റങ്ങൾ.