ഗാസ വെടിനിർത്തല്‍ കരാർ: നിർദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചതായി ബ്ലിങ്കൻ, അമേരിക്ക ഇസ്രയേലിനൊപ്പമെന്ന് ഹമാസ്
ഗാസയില്‍ വെടിനിർത്തല്‍ കരാരിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസും സമാനമായ നിലപാട് സ്വീകരിക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു.
നെതന്യാഹുവുമായി രണ്ടര മണിക്കൂർ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. ഇതിനുപുറമെ ഇസ്രയേലി ഉദ്യോഗസ്ഥരുമായും ബ്ലിങ്കൻ സംസാരിച്ചിരുന്നു. ഗാസയില്‍ വെടിനിർത്തല്‍ സാധ്യമാക്കുന്നതിനുള്ള അവസാന മാർഗമായിരിക്കും ഇതെന്നാണ് ബ്ലിങ്കൻ നേരത്തെ വ്യക്തമാക്കിയത്.
ഒരു സമവായത്തിലെത്താനാകാതെ ഖത്തറില്‍ നടന്ന ചർച്ച താത്കാലികമായി നിർത്തിവെച്ചിരുന്നു. അമേരിക്കയുടെ നിർദേശം ഇസ്രയേല്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ ചർച്ചകള്‍ പുനഃരാരംഭിച്ചേക്കും. വർഷങ്ങള്‍ക്കുശേഷം ഇസ്രയേലില്‍ ചാവേർ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്. ടെല്‍ അവിവില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. തിങ്കളാഴ്ച ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 30 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിവരം.
ഇസ്രയേല്‍ അമേരിക്കയുടെ നിർദേശം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി നെതന്യാഹു കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഹമാസും ഒപ്പം നില്‍ക്കുകയെന്നതാണ് അടുത്തതായി ചെയ്യാനുള്ളത്. നിർദേശങ്ങള്‍ എങ്ങനെ നടപ്പാക്കമെന്നതില്‍ വ്യക്തതവരാൻ അമേരിക്കയും ഖത്തറും ഈജിപ്തും ഉള്‍പ്പെടെയുള്ള മധ്യസ്ഥർ ഒരുമിച്ച് ഇടപെടേണ്ടതുണ്ടെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഇസ്രയേലും ഹമാസും കരാറിലേക്ക് എത്തുകയെന്നത് അല്‍പ്പം പ്രയാസകരമായ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.
മാസങ്ങളായി തുടരുന്ന ചർച്ചകളില്‍ യുദ്ധം അവസാനിക്കണമെങ്കില്‍ ഹമാസ് ഇല്ലാതാകണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇസ്രയേല്‍. എന്നാൽ താത്കാലിക വെടിനിർത്തലിന് തയാറല്ലെന്നും സ്ഥിരമായ ഒന്നാണ് നടപ്പിലാകേണ്ടതെന്നുമാണ് ഹമാസിന്റെ പക്ഷം.
അമേരിക്ക ഇസ്രയേലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹമാസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇസ്രയേല്‍ നിർദേശം അംഗീകരിച്ചെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ നിർദേശത്തിന്റെ പുതിയ പതിപ്പുണ്ടെന്ന് ഇസ്രയേലും പറയുന്നു. ഇതിനർഥം, ഇസ്രയേലിന്റെ സമ്മർദത്തിന് അമേരിക്ക വഴങ്ങിയെന്നാണ്. നേരെ മറിച്ചല്ല സംഭവിച്ചിരിക്കുന്നത്, ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഒസാമ ഹംദാൻ പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നാല്‍പ്പതിനായിരത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 23 ലക്ഷത്തിലധികം പേർ പലായനം ചെയ്യേണ്ടതായും വന്നു.