അമേരിക്കയുടെ ഗാസ വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രയേല്‍; സഖ്യസർക്കാരിനെ നിലനിർത്താന്‍ നെതന്യാഹു

അമേരിക്കയുടെ ഗാസ വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രയേല്‍; സഖ്യസർക്കാരിനെ നിലനിർത്താന്‍ നെതന്യാഹു

നിലവില്‍ സഖ്യസർക്കാരിനെ നിലനിർത്താനുള്ള സമ്മർദത്തിലാണ് നെതന്യാഹു
Updated on
1 min read

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാർ ഇസ്രയേല്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഓഫിർ ഫാക്കിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. "ബൈഡന്‍ മുന്നോട്ട് വച്ചിരിക്കുന്ന കരാർ ഞങ്ങള്‍ അംഗീകരിച്ചതാണ്. ഇതൊരു നല്ല കരാറല്ല. പക്ഷേ, ബന്ധികളെ മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു," ഓഫിർ സണ്‍ഡെ ടൈംസിനോട് വ്യക്തമാക്കി.

"കരാറില്‍ നിരവധി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു ഭീകരവാദ സംഘടനയെന്ന നിലയില്‍ ഹമാസിനെ നശിപ്പിക്കുക എന്ന നിലപാടില്‍ മാറ്റമില്ല," ഓഫിർ കൂട്ടിച്ചേർത്തു.

ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങുന്നതും ആറാഴ്ചത്തെ വെടിനിർത്തലും ഉൾപ്പെടെ മൂന്ന് ഭാഗങ്ങളുള്ള നിർദേശമായിരുന്നു ബൈഡൻ അവതരിപ്പിച്ചത്. മാനുഷിക സഹായം ഉയർത്തുന്നതിനോടൊപ്പം പലസ്തീൻ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കയുടെ ഗാസ വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രയേല്‍; സഖ്യസർക്കാരിനെ നിലനിർത്താന്‍ നെതന്യാഹു
ട്രംപിനെ 'അവസാനിപ്പിക്കാൻ' മാത്രം പ്രഹരശേഷിയുണ്ടോ ഈ ലൈംഗികാരോപണങ്ങൾക്ക്?

നിർദിഷ്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സമ്പൂർണമായ വെടിനിർത്തൽ, ജനവാസ മേഖലകളിൽ നിന്ന് ഐഡിഎഫ് സേനയെ പിൻവലിക്കൽ, പലസ്തീൻ തടവുകാരെയും ബന്ദികളെയും കൈമാറൽ എന്നിവ ഉൾപ്പെടുമെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിച്ച ബൈഡൻ പറഞ്ഞു.

മാനുഷിക സഹായങ്ങൾ തടസപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ സഹായ പാക്കേജുകൾ എത്താൻ വെടിനിർത്തൽ സഹായകരമാകും. ഇങ്ങനെ ഓരോ ദിവസവും 600 ട്രക്കുകൾ ഗാസയിലേക്ക് സഹായം എത്തിക്കും. രണ്ടാം ഘട്ടത്തിൽ പുരുഷ സൈനികർ ഉൾപ്പെടെ ജീവനുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. വെടിനിർത്തൽ ഇരു കൂട്ടരും തമ്മിലുള്ള ശത്രുത ശാശ്വതമായി ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

നിർദ്ദേശത്തിൻ്റെ മൂന്നാം ഘട്ടത്തിൽ മരണമടഞ്ഞ ഇസ്രയേലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെയെത്തിക്കും. ഗാസയിലെ വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ പുനർനിർമിക്കുന്നതിനുള്ള യുഎസ്, അന്തർദേശീയ സഹായത്തോടെയുള്ള പുനർനിർമ്മാണ പദ്ധതിയും മൂന്നാം ഘട്ടത്തിൽ ആയിരിക്കും. നിർദേശം സ്വീകരിക്കാതിരിക്കാൻ ഇസ്രയേലിന് ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടാകുമെന്ന് ബൈഡൻ ചൂണ്ടിക്കാണിച്ചു.

തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറുന്നതുവരെ വെടിനിർത്തലുണ്ടാകില്ലെന്നെന്ന് ഓഫിർ വ്യക്തമാക്കിയിരുന്നു. നിലവില്‍ സഖ്യസർക്കാരിനെ നിലനിർത്താനുള്ള സമ്മർദത്തിലാണ് നെതന്യാഹു. അമേരിക്ക മുന്നോട്ട് വച്ച കരാർ അംഗീകരിക്കുകയാണെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് രണ്ട് മന്ത്രിമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ നിലവില്‍ 36,000 പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in