'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്
ഗാസയിൽ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടപ്പാക്കുന്ന കുടിയിറക്കൽ നടപടി മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സന്നദ്ധസംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. പലായന ഉത്തരവുകളിറക്കി ഭീഷണിപ്പെടുത്തി ഗാസയിൽ നിന്ന് പലസ്തീനികളെ പൂർണമായും കുടിയൊഴിപ്പിക്കുന്നതാണ് ഇസ്രയേൽ നടപടിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് നിരീക്ഷിച്ചു. യുദ്ധകുറ്റകൃത്യത്തിന് സമാനമായി സിവിലിയന്‍മാരെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിന് തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനീവ കൺവെൻഷനിൽ തയ്യാറാക്കിയ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരായ ചട്ടങ്ങളുടെ ലംഘനമാണ് ഗാസയിൽ നടക്കുന്നതെന്നും കണ്ടെത്തലുണ്ട്.
സാറ്റലൈറ്റ് ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രധാനമായും ഹ്യൂമൻ റൈറ്റ്സ് വാച്ച് വിലയിരുത്തലിനായി ഉപയോഗിച്ചത്. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിനായി ഇസ്രയേലി ഓഫീസർമാരുടെ ഉത്തരവുകളും പരിശോധിച്ചിട്ടുണ്ട്. ഗാസ മുനമ്പിനെ ബഫർ സോണായി പ്രഖ്യാപിച്ച് രണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്നദ്ധസംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
ഇസ്രയേലിന്റെ ഈ നിർബന്ധിത കുടിയൊഴിപ്പിക്കൽ നീക്കം അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. ആയുധവിൽപ്പന നിർത്തലാക്കലുൾപ്പെടെ ഇസ്രയേലിനെതിരെ ഉപരോധങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. ആക്രമണ സാധ്യതയും ഉപരോധം നേരിടേണ്ടിവരുമെന്ന ഭയവും ഗാസ മുനമ്പിലെ പലസ്തീനികൾക്കുണ്ടെന്നും 'പ്രതീക്ഷയില്ലായ്മ, പട്ടിണി, ഉപരോധം' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു.
ഗാസയിലെ താമസക്കാരായ 90 ശതമാനത്തിലധികം പലസ്തീനികളെ ഒരുവർഷത്തിനിടെ ഇസ്രയേൽ കുടിയൊഴിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഇസ്രയേൽ സമാധാന നീക്കത്തിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്ന് അമേരിക്ക വിലയിരുത്തിയതിന് പിന്നാലെയാണ് ഈ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടും വിധമുള്ള റിപ്പോർട്ട് അമേരിക്ക ആസ്ഥാനമായ സംഘടന തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജനീവ കൺവെൻഷൻ തയ്യാറാക്കിയ ചട്ടപ്രകാരം അനിവാര്യമോ അസാധാരണമോ ആയ സാഹചര്യങ്ങളിൽ മാത്രമേ ഒരു മേഖലയിൽ നിന്ന് സിവിലിയന്‍മാരെ കുടിയൊഴിപ്പിക്കാനാകൂ. ഇത്തരത്തിൽ കുടിയൊഴിപ്പിക്കുന്നപ്പെടുന്നവർക്കായി സുരക്ഷിതമായ താമസസൗകര്യം മുൻകൂട്ടി ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ ചട്ടങ്ങളെല്ലാം ലംഘിച്ച് ബലപ്രയോഗത്തിലൂടെയാണ് ഗാസയിൽ ഇപ്പോൾ നടക്കുന്ന കുടിയൊഴിപ്പിക്കലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഗാസയിലെ ഒഴിപ്പിക്കൽ നടപടി അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മാത്രമാണ് നടപ്പാക്കുന്നതെന്നാണ് ഇസ്രയേൽ വാദം. ഹമാസ് ജനങ്ങൾക്കിടയിൽ ഇറങ്ങി ആക്രമണം നടത്തുന്നതിനാൽ, സാധാരണക്കാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഴിപ്പിക്കൽ നടപ്പാക്കുന്നതെന്നാണ് ന്യായീകരണം. എന്നാൽ ഇക്കാര്യത്തിൽ തെളിവുകൾ നിരത്തി വിശദീകരിക്കാൻ ഇസ്രയേലിന് സാധിച്ചിട്ടില്ല.